മുണ്ടക്കയം കോസ്‌വേ നിർമാണം പുനരാരംഭിച്ചു ; ഗതാഗത കുരുക്കിൽ പട്ടണം ..
മുണ്ടക്കയം ∙ കോസ്‌വേയുടെ നിർമാണ ജോലികൾ ആരംഭിച്ചതോടെ ഇന്നലെ രാവിലെ മൂന്നു മണിക്കൂറോളം നഗരം ഗതാഗത കുരുക്കിലായി.
പാലം അടയ്ക്കുമെന്ന മുന്നറിയിപ്പുകൾ നൽകുവാൻ താമസിച്ചതിനാൽ പാലത്തിനു അടുത്ത് എത്തുമ്പോൾ മാത്രമാണു വാഹന യാത്രക്കാർ കാര്യം അറിഞ്ഞത്. തുടർന്ന് മുളങ്കയം റോഡിലൂടെ 34–ാം മൈൽ വഴിയായിരുന്നു കോരുത്തോട്, എരുമേലി റൂട്ടിലേക്കുള്ള വാഹനങ്ങൾ സഞ്ചരിച്ചത്. ടൗണിൽ രാവിലെ ആവശ്യത്തിനു പൊലീസ് ഇല്ലാതിരുന്നതിനാൽ ഗതാഗതം തോന്നുംപടിയായി. വീതി കുറഞ്ഞ മുളങ്കയം റോഡ് വഴി ബസ് ഉൾപ്പെടെ കടന്നു വന്നതോടെ ഗതാഗതക്കുരുക്ക് ടൗണിലേക്കും വ്യാപിച്ചു. മൂന്നു മണിക്കൂറോളം ഗതാഗതതടസ്സം ഉണ്ടായി. ദേശീയ പാതയിൽ പൈങ്ങണയിൽ നിന്നു വ്യാപിച്ച ഗതാഗതക്കുരുക്ക് 35–ാം മൈൽ വരെ നീണ്ടു. കോരുത്തോട്, എരുമേലി റൂട്ടിൽ വരിക്കാനി കവല മുതൽ വാഹനങ്ങളുടെ നീണ്ടനിര മണിക്കൂറുകളോളം കാത്തു കിടന്നു.
നിർമാണത്തിന്റെ ഭാഗമായി പാലം ഒരു മാസത്തേക്കു അടച്ചിടുന്നുണ്ടെങ്കിൽ ബൈപാസ് റോഡ് ഉപയോഗപ്പെടുത്തി ഗതാഗത പ്രശ്നത്തിനു പരിഹാരം കാണാൻ കൂടുതൽ പൊലീസിനെ ടൗണിൽ നിയോഗിക്കണം എന്നും ആവശ്യം ഉയരുന്നു. പാലത്തിന്റെ പ്രതലത്തിൽ കോൺക്രീറ്റിങ് ജോലികളാണു നടക്കുന്നത്. 2018 മുതലുള്ള പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞ് ഒഴുകിയതോടെ പാലത്തിന്റെ കോൺക്രീറ്റ് തകർന്നിരുന്നു.