മൂന്ന് പേർ കൊല്ലപ്പെട്ടിട്ടും എരുമേലിയിൽ വനാതിർത്തിയിൽ സംരക്ഷണ പദ്ധതി നടപ്പിലായില്ല.

എരുമേലി : കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമലയിൽ രണ്ട് കർഷകർ കൊല്ലപ്പെട്ടതിന് പിന്നാലെ തുലാപ്പള്ളിയിൽ ആനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടിട്ടും വനാതിർത്തികളിൽ സുരക്ഷിത പദ്ധതികൾ നടപ്പിലായില്ല. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടപെട്ട് എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വനാതിർത്തികളെ ബന്ധിപ്പിച്ച് 26.5 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് വേലി നിർമിക്കാൻ ഫണ്ട് അനുവദിച്ചതാണ് . എന്നാൽ ഇതുവരെയും ഇത് നടപ്പിലായിട്ടില്ല. ഇതോടൊപ്പം കണ്ണിമല ഭാഗത്ത് ട്രഞ്ച് നിർമിക്കാനും ഫണ്ടായെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.

രാഷ്ട്രീയ കാർഷിക വികാസ് യോജന സ്കീമിൽ 20 കിലോമീറ്റർ ദൂരവും നബാർഡ് ഫണ്ടിൽ ആറര കിലോമീറ്റർ ദൂരവും ആണ് ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ പദ്ധതിയായിരുന്നത്. ഇതിന് പുറമെ ഇടുക്കി ജില്ലയുടെ പാക്കേജിൽ പെടുത്തി കോട്ടയം, ഇടുക്കി ജില്ലകളിലെ പമ്പാവാലി, എയ്ഞ്ചൽവാലി വനാതിർത്തിയിൽ ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ പദ്ധതി തയ്യാറായെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. എരുമേലി പഞ്ചായത്തിലെ മുഴുവൻ വന മേഖലയും ഹാങ്ങിങ് ഫെൻസിങ്ങിൽ വലയം ചെയ്യാനാകുമെന്നാണ് ഈ പദ്ധതി യിൽ നാട്ടുകാർ പ്രതീക്ഷിച്ചത്.

എരുമേലിയിൽ 26.5 ദൂരമുള്ള വനാതിർത്തിയിൽ ഒരു കിലോമീറ്റർ ദൂരം ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ 8.3 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇത് പ്രകാരം 1.70 കോടി ആണ് 20 കിലോമീറ്റർ ദൂരം ഹാങ്ങിങ് ഫെൻസിങ് നിർമിക്കാൻ ആണ് ഫണ്ട് അനുവദിച്ചിരുന്നത്. കർഷകർക്കും കർഷകരുടെ വാസ സ്ഥലങ്ങൾക്കും വന്യ മൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള പദ്ധതിയാണ് രാഷ്ട്രീയ കൃഷി വികാസ് യോജന. കണമലയിൽ രണ്ട് കർഷകർ കാട്ടുപോത്തുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ മുണ്ടക്കയം പഞ്ചായത്ത്‌ ഹാളിൽ ചേർന്ന വനാതിർത്തികളിലെ ജനപ്രതിനിധികളുടെയും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എരുമേലി വന മേഖലയിൽ 26 പോയിന്റുകളിൽ സൗര വേലികൾ പ്രവർത്തന ക്ഷമമാക്കാനും കണ്ണിമലയിൽ ഒരു കിലോമീറ്റർ ദൂരം പുതിയ സൗര വേലി നിർമിക്കാനും ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ച് എന്നിവയ്ക്ക് വിവിധ സ്കീമുകളിൽ നിന്ന് ഫണ്ട് കണ്ടെത്താനും തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന്റെ പദ്ധതികൾ ഇനിയും ആയിട്ടില്ല.

2019 ൽ മൊത്തം 34 ലക്ഷം രൂപ ചെലവിൽ 22 കിലോമീറ്റർ സൗര വേലിയും 2020 ൽ രണ്ട് ടെണ്ടറുകളിലായി എട്ട് കിലോമീറ്റർ വേലിയും ഉൾപ്പടെ 30 കിലോമീറ്റർ ദൂരത്തിൽ സൗര വേലികൾ സ്ഥാപിച്ചതാണ്. എന്നാൽ ഇതെല്ലാം പ്രയോജനം ചെയ്യാതെ കാട് പിടിച്ച് തകരാറിലാവുകയും നശിക്കുകയുമായിരുന്നു. വനമാകെ സൗര വേലികൾ സ്ഥാപിച്ചിട്ടും മൃഗങ്ങളുടെ കാടിറക്കം തടയാൻ കഴിയാതായത് വേലികളിലെ കാടുകൾ യഥാസമയം വെട്ടി നീക്കാത്തതിനാലും ബാറ്ററികൾ പ്രവർത്തനക്ഷമമാക്കാതിരുന്നത് മൂലവും ആയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വേലികൾ പരിചരിക്കുന്നതിന് വനം വകുപ്പ് മന്ത്രി അനുമതി നൽകിയെങ്കിലും നടപടികളുണ്ടായില്ല. വേലികൾ നിർമിച്ചു സ്ഥാപിക്കുകയല്ലാതെ പരിചരണത്തിന് ഫണ്ട് ചെലവിടാൻ വനം വകുപ്പ് തയ്യാറല്ലായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ആകട്ടെ സോളാർ വേലി പരിചരണത്തിന് ഫണ്ടും അനുമതിയും ലഭിച്ചില്ല. പുലിയും കാട്ടുപോത്തുകളും ആനകളും പന്നികളും കുരങ്ങുകളും കൂടാതെ പെരുമ്പാമ്പ് ഉൾപ്പെടെ നിരവധി വന്യജീവികൾ ആണ് ഇപ്പോൾ നാട്ടിലേക്ക് ഇറങ്ങികൊണ്ടിരിക്കുന്നത്.

error: Content is protected !!