പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ ബഫർസോണിൽ നിന്നും ഒഴിവാക്കും : ഉറപ്പ് നൽകി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി ∙ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്ര സർക്കാരിനു ഉടൻ സമർപ്പിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ പ്രസ്തുത കടുവ സങ്കേതത്തിന്റെ അതിർത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും തന്മൂലം 1950കൾ മുതൽ ജനവാസ മേഖലയായിരുന്ന പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട് വരികയുമായിരുന്നു. ഈ തെറ്റ് തിരുത്തി എയ്ഞ്ചൽ വാലി,പമ്പാവാലി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ ശശീന്ദ്രനും നിവേദനം നൽകിയതിനെ തുടർന്ന് സംസ്ഥാന വനം വന്യജീവി ബോർഡ് കഴിഞ്ഞ 2023 ജനുവരി 19 ന് ചേർന്ന യോഗത്തിൽ ഈ പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനിച്ചു.

അംഗീകാരം നേടുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെയും, പെരിയാർ ടൈഗർ റിസർവിന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി എ.കെ ശശീന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ചേരുകയായിരുന്നു. വനം വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, വനം വകുപ്പ് മേധാവി ഗംഗ സിങ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദ്, പെരിയാർ ടൈഗർ റിസർവ് ഡപ്യൂട്ടി ഡയറക്ടർ കെ.വി ഹരികൃഷ്ണൻ, കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.പി പ്രമോദ് എന്നിവർ പങ്കെടുത്തു.

നിയമപ്രകാരമുള്ള എല്ലാ രേഖകളും മതിയായ വിവരങ്ങളും ചേർത്ത് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം കേന്ദ്ര വന്യജീവി ബോർഡിന് എത്രയും വേഗം പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് 10 ദിവസമാണ് നൽകിയിട്ടുള്ളത്.

error: Content is protected !!