പൂട്ടിയ കാന്റീൻ തുറക്കാനും വയ്യ , തുറക്കാതിരിക്കാനും വയ്യ ..
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം മുറിയുടെയും , കാന്റീനിന്റെയും ഫോട്ടോയാണിത് . പോസ്റ്റ്മോർട്ടം മുറിയുടെ പിൻവശത്ത് രണ്ട് മീറ്റർ അടുത്തയാണ് ക്യാന്റീനിന്റെ അടുക്കള സ്ഥാപിച്ചിരിക്കുന്നത് . മോർച്ചറിയും തൊട്ടടുത്ത് തന്നെ. പോസ്റ്റ്മോർട്ടം മുറിയിൽ നിന്നും മൃതദേഹങ്ങൾ കഴുകിയ വെള്ളം പോലും, കാന്റീൻ പരിസരം ഒഴിവാക്കി പുറത്തേക്ക് ഒഴുക്കി കളയുവാൻ ഉള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല എന്ന നിലയിൽ വളരെ പരിതാപകരമായ അവസ്ഥയിലാണ് കാര്യങ്ങൾ ..
11 ദിവസമായി ജനറൽ ആശുപത്രിയിലെ കാന്റീൻ അടഞ്ഞുകിടക്കുകയാണ്. ഇവിടെനിന്ന് വാങ്ങിയ ബിരിയാണിയിൽ പുഴുവിന് സമാനമായ ജീവിയെ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ, വൃത്തിഹീനമായ സാഹചര്യത്തിൽ കാന്റീൻ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് കാന്റീൻ അടച്ചുപൂട്ടിയത്.
കാന്റീൻ പൂട്ടിയതോടെ ആശുപത്രിയിലെ രോഗികളും, കൂട്ടിരിപ്പുകാരും, ജീവനക്കാരും ദുരിതത്തിലായി . കാന്റീൻ ഉടൻ തുറന്ന് പ്രവർത്തനം ആരംഭിക്കണം എന്ന് ഒരുകൂട്ടം ആവശ്യപ്പെടുമ്പോൾ, പോസ്റ്റ്മോർട്ടം മുറി അവിടെ നിന്നും മാറ്റി സ്ഥാപിച്ചിട്ട് കാന്റീൻ തുറന്നാൽ മതിയെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. അതോടെ പൂട്ടിയ കാന്റീൻ തുറക്കാനും വയ്യ , തുറക്കാതിരിക്കാനും വയ്യാത്ത അവസ്ഥയിലാണ് അധികൃതർ.