നന്മനിറഞ്ഞ മെമ്പർ നാടിന് മാതൃകയായി .. ആന്റണി മാർട്ടിന് അഭിനന്ദനപ്രവാഹം ..

കാഞ്ഞിരപ്പള്ളി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡിൽ നിന്നും വിജയിച്ച ആന്റണി മാർട്ടിൻ, തന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിലാണ് മണ്ണാറക്കയത്ത് ദുരിതജീവിതം നയിച്ച പൊട്ടൻപ്ലാക്കൽ കുട്ടൻപിള്ളയുടെ കുടുംബത്തെ കണ്ടുമുട്ടിയത്.

കാടുമൂടി, പൊട്ടിപ്പൊളിഞ്ഞ വീടിനുള്ളിൽ കഴിഞ്ഞുവരുകയായിരുന്നു ഇവർ. കുട്ടൻപിള്ള നിത്യരോഗി. ഭാര്യ സരസമ്മ കിടപ്പുരോഗി. ഒരു മകൻ മാനസിക വൈകല്യമുള്ളയാൾ. ഇളയമകൻ ജോലി ചെയ്തുകിട്ടുന്ന തുച്ഛമായ തുകകൊണ്ടുവേണം നിത്യവൃത്തിയും ചികിത്സയും.

താൻ ജയിച്ചാലും, ഇല്ലെങ്കിലും, ആ കുടുബത്തിനു അത്താണിയാകുവാൻ ശ്രമിക്കുമെന്ന് അദ്ദേഹം അന്നുതന്നെ തീരുമാനിച്ചിരുന്നു. തിരെഞ്ഞെടുപ്പിൽ മിന്നും വിജയം കരസ്ഥമാക്കിയ ആന്റണി മാർട്ടിൻ, ഏറ്റവും ആദ്യം ചെയ്തത് ആ കുടുബത്തിന്റെ കണ്ണീരൊപ്പുക എന്നതാണ് .

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകർ ഇവരുടെ വീടും പരിസരവും ശുചീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് റെജി കാവുങ്കൽ, വി.എ.കരുണാകരപിള്ള, മധു, എം.സി.ബിജു, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.

സരസമ്മയെ കുന്നുംഭാഗം സാൻജിയോവാനി സദനത്തിലേക്ക് മാറ്റി പാർപ്പിച്ചു. സാൻജിയോവാനി സദനത്തിലെ സിസ്റ്റർ ആൻസ് മാത്യു, സിസ്റ്റർ തെരേസ് എന്നിവരെത്തിയാണ് സരസമ്മയെ ഏറ്റെടുത്തത്.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡൻറ് സതി സുരേന്ദ്രൻ, ആശാ വർക്കർമാർ തുടങ്ങിയവരും എത്തിയിരുന്നു.
പൊളിഞ്ഞുവീഴാറായ വീട് പുനർനിർമിക്കുന്നതിനും വൃത്തിയുള്ള ശൗചാലയത്തിനുംവേണ്ട പ്രവർത്തനങ്ങൾ സഹായസമിതിയുടെ നേതൃത്വത്തിൽ നടത്തും.
ഇതിനായി പൊൻകുന്നം കെ.വി.എം.എസ്.ജങ്ഷനിലെ ധനലക്ഷ്മി ബാങ്കിൽ 010003600001300 നമ്പരിൽ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ്.സി.കോഡ്-ഡി.എൽ.എക്‌സ്.ബി.-0000100.

error: Content is protected !!