മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; സുനീഷിന്റെ മകൻ ജസ്റ്റിന് പുതിയ സൈക്കിളുമായി ജില്ലാ കളക്ടർ എത്തി
എലിക്കുളം : ജന്മനാ വൈകല്യത്തോടെ പിറന്ന സുനീഷ് വളരെ ബുദ്ധിമുട്ടിയാണ് ആറായിരം രൂപ സ്വരുക്കൂട്ടി മകൻ ജസ്റ്റിന് അവന്റെ ഒൻപതാം പിറന്നാളിന് ഒരു സൈക്കിൾ വാങ്ങിക്കൊടുത്തത്ത്. എന്നാൽ അതിൽ കയറി കൊതി തീരുന്നതിനു മുൻപ്, ആ സൈക്കിൾ ആരോ മോഷ്ടിച്ചു.
മകന്റെ സങ്കടം കണ്ടു സഹിക്കാനാവാതെ, സുനീഷ് ഈ സങ്കടങ്ങൾ ഫെയ്‌സ്ബുക്കിൽ കുറിച്ചു. തന്റെ മോന്റെ സൈക്കിൾ ഏതെങ്കിലും ആക്രിക്കടയിൽ കണ്ടാൽ അറിയിക്കണമെന്ന അഭ്യർഥന മാത്രം. ആ നൊമ്പരപ്പെടുത്തുന്ന വാർത്ത പൊൻകുന്നത്തെ മാധ്യമ പ്രവർത്തകരായ മാതൃഭൂമിയിലെ ലേഖകൻ, സജീവ് പള്ളത്തും, ദേശാഭിമാനി ലേഖകൻ ശരണും മുൻകൈ എടുത്ത് വിവിധ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു.
സൈക്കിൾ മോഷണം പോയതായുള്ള പത്ര വാർത്ത ശ്രദ്ധയിൽ പെട്ട് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ ഓഫീസ് ഇടപെടൽ നടത്തുകയും, സുനീഷിന്റെ മകൻ ജസ്റ്റിന് കേരള മുഖ്യമന്ത്രിയുടെ സ്നേഹ സമ്മാനമായി പുതിയ സൈക്കിളുമായി ജില്ലാ കളക്ടർ എം. അഞ്ജന IAS, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിയ്ക്കൊപ്പം സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിൽ എത്തി ജസ്റ്റിന് സമ്മാനം കൈമാറി .
ജസ്റ്റിന്റെ സങ്കടം മാറിയതോടെ , പൈക-ചെങ്ങളം റോഡിൽ ഇല്ലിക്കോൺ ജങ്ഷനിലെ കണിച്ചേരിൽ എന്ന ആ കൊച്ചുവീട്ടിൽ വീണ്ടും സന്തോഷം തിരതല്ലി . 35-കാരൻ സുനീഷ് ജോസഫ്, ഭാര്യ ജിനി, മക്കൾ നാലാം ക്ലാസ് വിദ്യാർഥി ജെസ്റ്റിൻ, ഒന്നാം ക്ലാസ് വിദ്യാർഥിനി ജെസ്റ്റിയ എന്നിവരുടെ ആ സന്തോഷവീടിന്റ പ്രസരിപ്പ് വീണ്ടുമെത്തി .
ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകൾ കുറുകി അരക്കെട്ടോട് ചേർന്ന് പിന്നിൽ പിണച്ചുവെച്ചനിലയിൽ. കൈകൾ ശോഷിച്ചത്. വലതുകൈക്ക് തീരെ സ്വാധീനമില്ല.
ജീവിതത്തിൽ ഇന്നേവരെ കസേരയിലിരുന്നിട്ടില്ല, അതിനാവില്ല സുനീഷിന്. വീടിനുള്ളിൽ സഞ്ചരിക്കുന്നത് ഒരു കൈകുത്തി അതിന്റെ ബലത്തിൽ കമിഴ്ന്ന് നീന്തി. കട്ടിലിൽ മലർന്നുകിടക്കാൻ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം.
എങ്കിലും തളരാതെ ജീവിതം കെട്ടിപ്പടുത്ത അദ്‌ഭുതമാണീ യുവാവ്. പി.പി.റോഡിൽ കുരുവിക്കൂട്ട് കവലയിൽ അഞ്ച് വർഷമായി കോമൺ സർവീസ് സെന്റർ നടത്തി അതിൽനിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം കരുപിടിപ്പിച്ചയാൾ. ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കൾ എടുത്ത് കാറിൽ കയറ്റിക്കൊണ്ടുവരും;
മടക്കയാത്രയും അങ്ങനെതന്നെ. ഓഫീസിൽ കംപ്യൂട്ടറിൽ ജോലി ചെയ്യണമെങ്കിൽ കസേരയിൽ ഇരിക്കാനാകില്ല. പ്രത്യേകം നിർമിച്ച സോഫയിൽ കമിഴ്ന്നുകിടന്നാണ് കംപ്യൂട്ടറിൽ ടൈപ്പിങ് നടത്തുന്നത്.



പ്രിയമുള്ളവരേ, ഈ ചിത്രത്തിൽ കാണുന്ന സൈക്കിൾ ബുധനാഴ്ച രാത്രിയിൽ ഉരുളികുന്നത്തുള്ള എന്റെ വീട്ടുമുറ്റത്ത് നിന്നും…
Posted by Suneesh Joseph on Thursday, 21 January 2021