സുഭിക്ഷകേരളം പദ്ധതി : കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ കൃഷിയിൽ നൂറുമേനി വിളവ്
കൂവപ്പള്ളി: സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷികളുടെ വിളവെടുപ്പ് നടത്തി. കൂവപ്പള്ളിയിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സൗജന്യമായി വിട്ടുനൽകിയ ഒരേക്കറോളം സ്ഥലത്താണ് ജീവനക്കാർ ചേർന്ന് കൃഷിയിറക്കിയത്. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്ത 700 മൂട് കപ്പ, 100 മൂട് ചേമ്പ്, 100 ചീനി, ആറ് കിലോ ഇഞ്ചി, കൂർക്ക തുടങ്ങിയവയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്.
കഴിഞ്ഞ മേയ് മാസത്തിലാണ് കൃഷിയിറക്കിയത്. കൃഷിയിടത്തിലെ മുഴുവൻ ജോലികളും ബാങ്ക് ജീവനക്കാർ ചേർന്നാണ് നടത്തിയത്. ബാങ്ക് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൺവീനർ പി.കെ.സജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജോർജ് കൂരമറ്റം, മാനേജർമാരായ ജോസിൻ റ്റി.റ്റോം, ജ്യോതി ഭാസ്‌കർ തുടങ്ങിയവർ നേതൃത്വം നൽകി.