കോവിഡ് ലക്ഷണങ്ങൾ അവഗണിക്കരുതേ…, അപകടകരമാണെന്നു അധികൃതർ
കോവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ ബോധവൽക്കരണവുമായി കോട്ടയം ജില്ലാ ഭരണകൂടം. ആശുപത്രിയിൽ നിന്നുള്ള കുറിപ്പില്ലാതെ മരുന്നുകൾ വാങ്ങാനെത്തുന്നവരെ മെഡിക്കൽ സ്റ്റോറുകൾ വഴി ബോധവൽക്കരിക്കാനാണു ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങൾ ഉള്ളവർ സ്രവപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി എല്ലാ മെഡിക്കൽ സ്റ്റോറുകളിലും പോസ്റ്റർ പ്രദർശിപ്പിക്കും. കുറിപ്പടിയില്ലാതെ മരുന്നു വാങ്ങാനെത്തുന്നവർക്കു മരുന്നിനൊപ്പം ബോധവൽക്കരണ ലഘുലേഖയും നൽകും. മെഡിക്കൽ സ്റ്റോറുകൾ മുഖേന ശേഖരിക്കുന്ന ഇവരുടെ ഫോൺ നമ്പറുകളിലേക്ക് ഇതുസംബന്ധിച്ച എസ്എംഎസും അയയ്ക്കും.
പനി, ചുമ, ജലദോഷം, തൊണ്ട വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ കോവിഡ് പരിശോധനയ്ക്കു വിധേയരാകാതെ നേരിട്ടു മെഡിക്കൽ ഷോപ്പുകളിലെത്തി മരുന്നു വാങ്ങുന്നത് അപകടകരമാണെന്നു പരിപാടി ഉദ്ഘാടനം ചെയ്ത കലക്ടർ എം. അഞ്ജന പറഞ്ഞു.ജില്ലാ മെഡിക്കൽ ഓഫിസർ ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ഡ്രഗ് ഇൻസ്പെക്ടർ സി.ഡി. മഹേഷ്, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ട്രഷറർ കെ.ജെ. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.