ഓട്ടത്തിനിടെ ഓട്ടോറിക്ഷയുടെ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട് അപകടം ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
എരുമേലി : ഓട്ടത്തിനിടെ ഓട്ടോറിക്ഷ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ
ഒരു വയസുള്ള കുഞ്ഞ് ദാരുണമായി മരണപെട്ടു . കുഞ്ഞിന്റെ അമ്മയ്ക്കും വല്യമ്മയ്ക്കും ഗുരുതര പരിക്ക്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ എരുമേലി കൊരട്ടി റോഡിൽ കാന്താരി വളവിന് സമീപമാണ് അപകടം. മണങ്ങല്ലൂർ പള്ളിക്കശേരി പറമ്പിൽ അനൂപിൻ്റെ മകൻ അൻസിൽ (1) ആണ് മരിച്ചത്. കുടുംബാംഗങ്ങൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കുട്ടിയുടെ വല്യച്ഛൻ ദേവസ്യ (60) ആണ് ഓട്ടോ ഓടിച്ചത്. ഭാര്യ മോളി (57), മരുമകൾ ശാമിലി (24) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ സഞ്ചരിച്ച ബന്ധുക്കളായ അനന്തു, മെൽവിൻ എന്നീ കുട്ടികൾക്കും പരുക്കേറ്റു.
ആംബുലൻസ് ലഭിക്കാഞ്ഞതിനാൽ പരിക്കേറ്റ നിലയിൽ കുഞ്ഞിനേയും അമ്മയേയും പോലീസ് വാഹനത്തിലാണ് എരുമേലി ആശുപത്രിയിൽ നിന്നും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചത്. എരുമേലിയിൽ നിന്നും കുറുവാമൂഴി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം തെറ്റി മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.