കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ വജ്ര ജൂബിലി നിറവിൽ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണ ലിപികൾ എഴുതിച്ചേർത്ത എകെജെഎം സ്കൂൾ വജ്ര ജൂബിലി ആഘോഷിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വളരെ ലളിതമായ ചടങ്ങുകളോടെയാണ് ജൂബിലി ആഘോഷം നടത്തിയത് .
ഫെബ്രുവരി 19 വെള്ളിയാഴ്ച നടന്ന ആഘോഷപരിപാടികൾ കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസഫ് പുളിക്കൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. സമൂഹ വളർച്ചയുടെ അടിസ്ഥാനം വിദ്യയുടെ വെളിച്ചം ആണെന്നും ആ വെളിച്ചം സമൂഹത്തിന് പകർന്നു നൽകാൻ കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂളിന് സാധിച്ചിട്ടുണ്ടെന്ന് ബിഷപ്പ് മാർ പുളിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി.
സ്കൂൾ പ്രിൻസിപ്പാൾ ഫാദർ സാൽവിൻ അഗസ്റ്റിൻ എസ് ജെ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
സ്കൂൾ മാനേജർ ഫാദർ സ്റ്റീഫൻ സി തടം എസ് ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാന വിസ്ഫോടനത്തിന് വഴിയിൽ വജ്രതിളക്കമായി എ കെ ജെ എം സ്കൂൾ മാറിയെന്ന് ആന്റോ ആന്റണി എം പി എടുത്തുപറഞ്ഞു. എല്ലാ രംഗങ്ങളിലും നേട്ടങ്ങൾ കാഴ്ചവയ്ക്കുന്ന സ്കൂളിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി വികാരി ഫാദർ വർഗീസ് പരിന്തിരിക്കൽ സ്കൂളിലെ സ്കൂളിലെ പ്രഥമ ബാച്ച് വിദ്യാർഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഡയമണ്ട് ജൂബിലി ദിനാഘോഷത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് മെമ്പർ മഞ്ജു മാത്യു, പിടിഎ പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, എഫ്. എസ്.എ. പ്രസിഡന്റ് മാത്യു ഡൊമിനിക് എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം ശ്രീചിത്തിര ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ന്യൂറോളജി വിഭാഗം പ്രൊഫസറുമായ ഡോക്ടർ ശ്യാം കൃഷ്ണൻ പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഓൺലൈൻവഴി ആശംസകൾ നേർന്നു. പൂർവ വിദ്യാർത്ഥി രേഷ്മ ജോയിയുടെ ഗാനം ശ്രദ്ധ നേടി. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മോടികൂട്ടി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർഥികൾ ഒരു സിമ്പോസിയം അവതരിപ്പിക്കുകയുണ്ടായി.
ഓൺലൈൻ പഠനരംഗത്ത് ബഹുദൂരം മുന്നേറാൻ സ്കൂളിന് കഴിഞ്ഞു. പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ സമ്മാനാർഹമായ വിദ്യാർത്ഥികളെ തദവസരത്തിൽ അനുമോദിച്ചു . 60 വർഷത്തെ സ്കൂളിന്റെ ചരിത്രം ഉൾകൊള്ളുന്ന ഒരു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടികമല എല്ലാവർക്കും നന്ദി അർപ്പിച്ചു.