പി.സി.ജോർജ് പൂഞ്ഞാറിൽ മത്സരിക്കും; ഒരു മുന്നണിയിലും ഭാഗമാകില്ല, ആരുടേയും പിന്തുണ സ്വീകരിക്കും..
ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപക്ഷം സെക്കുലർ സ്ഥാനാർഥിയായി പൂഞ്ഞാറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്നും ആർക്കും തന്നെ പിന്തുണക്കാമെന്നും എല്ലാവരുടെയും പിന്തുണ സ്വീകരിക്കുമെന്നും പി സി ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഡിഎഫ് നേതാക്കൾക്ക് മര്യാദയില്ലെന്നും എൻഡിഎയുമായും ചർച്ച നടത്തുന്നുണ്ടെന്നും പി സി ജോർജ് പറഞ്ഞു.
ഉമ്മൻചാണ്ടി പാരവെച്ചത് കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാതെ പോയത്. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന ഭയമാണ് ഉമ്മൻചാണ്ടിക്ക്. പി സി ആരോപിച്ചു. പക ഉള്ളിൽ സൂക്ഷിക്കുന്ന മൂർഖന്റെ സ്വഭാവമാണ് ഉമ്മൻചാണ്ടിക്കെന്നും കെ കരുണാകരനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചത് ഉമ്മൻചാണ്ടിയായിരുന്നുവെന്നും പി സി ജോർജ് പറഞ്ഞു .
തൽക്കാലം മറ്റ് മുന്നണികളുമായി ചർച്ച നടത്തില്ല. ട്വന്റി20 മാതൃക വിപുലീകരിക്കും. അവരുമായി ചർച്ച നടത്തി. ട്വന്റി20യുടെ പ്രവർത്തനം കേരളത്തിൽ വ്യാപിപ്പിക്കണം. ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്നും പി. സി. ജോര്‍ജ് പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബുധനാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷെ ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കു പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുന്നു. ജിഹാദികള്‍ പിന്തുണയ്ക്കുന്ന യുഡിഎഫുമായി സഹകരണമില്ല. യുഡിഎഫിന്റെ നേതൃനിര വഞ്ചകന്മാരാണ്. കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്ന കാര്യമാണ് യുഡിഎഫ് ചര്‍ച്ച ചെയ്തത്. അതിന് കോണ്‍ഗ്രസിന്റെ ഔദാര്യം ആവശ്യമില്ല.
വിഎസ് പക്ഷക്കാരന്‍ ആയിരുന്നതു കൊണ്ട് പിണറായി വിജയന് അത്ര താല്‍പര്യമുണ്ടാകില്ല. അതുകൊണ്ടു എല്‍ഡിഎഫിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച് 3-ന് കോട്ടയത്ത് ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കും. യോഗത്തിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്‌ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.