എൻഎസ്എസിന്റെ മാനവ വിഭവ ശേഷി വകുപ്പ് മേധാവി കെ.ആർ.രാജൻ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് സൂചന

കാഞ്ഞിരപ്പള്ളി : എൻഎസ്എസിന്റെ മാനവ വിഭവ ശേഷി വകുപ്പ് മേധാവി കെ.ആർ. രാജൻ ആ പദവി രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹത്തെ സജീവമായി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന.

രാജിക്കത്ത് അദ്ദേഹം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് സമർപ്പിച്ചു. രാജനെ സജീവമായി പരിഗണിക്കുമെന്നു കോൺഗ്രസ് നേതൃത്വം ഉറപ്പു നൽകിയ സാഹചര്യത്തിലാണ് രാജിയെന്നും അറിയുന്നു. എൻഎസ്എസ് നേതൃത്വത്തിന്റെ അനുവാദം ഇക്കാര്യത്തിൽ രാജൻ തേടിയിരുന്നു. അതേസമയം സംഘടനയുടെ ഭാഗമായവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രീതി ഇല്ല. ആന്റണി കോൺഗ്രസിന്റെ കെഎസ് യു ജില്ലാ പ്രസിഡന്റായിരുന്ന രാജൻ പിന്നീട് കോൺഗ്രസ്–എസിന്റെ ഭാഗമാകുകയും കെഎസ്‌യു (എസ്) സംസ്ഥാന പ്രസിഡന്റാകുകയും ചെയ്തു. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങി.

കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ സജീവമായി തുടർന്ന അദ്ദേഹം മണ്ഡലത്തിനു യോജിച്ച സ്ഥാനാർഥിയാണന്ന വിലയിരുത്തലാണ് കോൺഗ്രസിന്. കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഇവിടെ അവർ എൽഡിഎഫിലേക്കു പോയ സാഹചര്യത്തിൽ എൻ.ജയരാജിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുന്ന സ്ഥാനാർഥിയെയാണ് കോൺഗ്രസ് തേടുന്നത്. അതേസമയം സീറ്റിനായുള്ള അവകാശവാദം ജോസഫ് വിഭാഗം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല.

error: Content is protected !!