ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് പൊൻകുന്നത്ത് ഉജ്ജ്വല സ്വീകരണം ..

പൊൻകുന്നം: ബി.ജെ.പി.ന്യൂനപക്ഷങ്ങൾക്കെതിരാണെന്നുള്ള പ്രചാരണം കേരളത്തിൽ ഇനി വിലപ്പോവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വിജയയാത്രയ്ക്ക് പൊൻകുന്നത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൗജിഹാദിനെ ഒറ്റക്കെട്ടായി നേരിടണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അഴിമതിയേയും വർഗീയതയേയും പ്രോത്സാഹിപ്പിക്കുകയും വികസനത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയുമാണ് ഇടത് വലത് മുന്നണികൾ. ശബരിമല വിഷയകാലത്ത് ഉമ്മൻചാണ്ടി കുറ്റകരമായ മൗനത്തിലായിരുന്നു. ശബരിമലയിൽ ഒരുചുക്കും ചെയ്യാൻ പിണറായി വിജയന് സാധിക്കില്ല. ശബരിമല കർമ്മ സമിതിയുടെ പരിപാടിയിൽ പങ്കെടുത്ത ജി. രാമൻ നായരെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. വർഗീയതയേയും അഴിമതിയേയും തോൽപ്പിച്ച് വികസനം കൊണ്ടുവരുവാൻ എൻ.ഡി.എ.യ്‌ക്കേ കഴിയൂ എന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകൾ കടമെടുത്ത് കാഞ്ഞിരപ്പള്ളിയെ ഞങ്ങളിങ്ങെടുക്കുകയാണെന്ന് സ്വീകരണത്തിലെ അണികളുടെ തിരക്കിനെ സൂചിപ്പിച്ച് സുരേന്ദ്രൻ പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പി.യിൽ പുതിയതായി ചേർന്നവരെ സുരേന്ദ്രൻ സ്വീകരിച്ചു. സംസ്ഥാനകൃഷിവകുപ്പിന്റെ ജില്ലയിലെ മികച്ച അടുക്കളത്തോട്ടത്തിനുള്ള പുരസ്‌കാരം നേടിയ ചിറക്കടവ് മഞ്ജു രാജശേഖരൻപിള്ളയെ സുരേന്ദ്രൻ ആദരിച്ചു.

ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻകാഞ്ഞിരപ്പള്ളി എം.എൽ.എ.യും കേന്ദ്രമന്ത്രിയുമായിരുന്ന അൽഫോൻസ് കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി. ‘യൂസ് ലെസ് എം.എൽ.എ.മാർ ഇനി വേണോ എന്ന് വോട്ടർമാർ ചിന്തിക്കണമെന്ന് കണ്ണന്താനം പറഞ്ഞു. വർഷങ്ങളായി സ്ഥാനത്തിരുന്നിട്ടും വികസനം എത്തിക്കാനായില്ലെങ്കിൽ അവർ ജനപ്രതിനിധികളാവാൻ യോഗ്യതയില്ലാത്തവരാണെന്ന് ജനം തിരിച്ചറിയണമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആമുഖപ്രഭാഷണം നടത്തി. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണ, സംസ്ഥാന സെക്രട്ടറിമാരായ ടി.പി. സിന്ധുമോൾ, രാജി പ്രസാദ്, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി.മധു തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!