പറന്നുയരാനൊരുങ്ങി ശബരി വിമാനത്താവളം; സ്ഥലം ഏറ്റെടുക്കാൻ ‘കണ്ണൂർ മോഡൽ’
സ്ഥലമെടുപ്പിന് കിൻഫ്രയ്ക്ക് ചുമതല നൽകിയതോടെ ശബരി വിമാനത്താവളം പദ്ധതിക്കു ചിറകു മുളയ്ക്കുന്നു. തിരഞ്ഞെടുപ്പിനു മുൻപുതന്നെ സ്ഥലമെടുപ്പ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കിൻഫ്ര സർക്കാരിന്റെ അഭിപ്രായം തേടി. മറ്റ് തടസ്സങ്ങളില്ലെങ്കിൽ ഒരു വർഷത്തിനകം സ്ഥലമെടുപ്പ് പൂർത്തിയാകും.
കിൻഫ്ര നടപ്പാക്കുക കണ്ണൂർ മോഡൽ
കണ്ണൂർ വിമാനത്താവളത്തിന് സമയ ബന്ധിതമായി സ്ഥലം ഏറ്റെടുത്തു നൽകിയത് കിൻഫ്രയാണ്. ഇതാണ് കിൻഫ്രയെ പരിഗണിക്കാൻ കാരണം. റവന്യൂ വകുപ്പിന്റെ സഹകരണത്തോടെയാണ് സ്ഥലമെടുപ്പ് നടത്തിയത്. ശബരി വിമാനത്താവളത്തിനായി ഉടൻതന്നെ പ്രത്യേക ഓഫിസ് ആരംഭിക്കുമെന്ന് മനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു. സ്ഥലമെടുപ്പ് ചുമതല കൈമാറിയ ഫയൽ കഴിഞ്ഞ ദിവസം കിൻഫ്രയിൽ എത്തി. കണ്ണൂർ വിമാനത്താവളത്തിന് എടുത്ത ഭൂമിയുടെ പേരിൽ വ്യക്തികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ച് കിൻഫ്ര സ്ഥലമെടുപ്പ് പൂർത്തിയാക്കി.
ഏറ്റെടുക്കുന്നത് 2263 ഏക്കർ
ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് നിയമ നടപടികൾ തുടരുന്നുണ്ടെങ്കിലും അവ സ്ഥലമെടുപ്പിനെ ബാധിക്കില്ലെന്നാണ് അറിവ്. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം ആർക്കു നൽകണമെന്നതിലാണ് കേസ്. പ്രാരംഭ നടപടികൾ പൂർത്തിയായ നിലയ്ക്ക് അടുത്ത നടപടി സ്ഥലമെടുക്കലാണ്. കിൻഫ്രയുടെ മേൽനോട്ടത്തിൽ ജില്ലാ കലക്ടറാണു സ്ഥലം അളന്ന് ഏറ്റെടുക്കുക. കിൻഫ്രയിൽനിന്ന് അപേക്ഷ ലഭിച്ചാൽ സ്ഥലമെടുപ്പിനുള്ള നടപടികൾ ആരംഭിക്കുമെന്ന് കലക്ടർ എം. അഞ്ജന പറഞ്ഞു. സ്ഥലമെടുപ്പിനായി കോട്ടയത്ത് ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ നേരത്തേ നിയോഗിച്ചിട്ടുണ്ട്.
സമാന്തരമായി മറ്റു നടപടികൾ മുന്നോട്ട്
സ്ഥലമെടുപ്പു നടപടികൾ പുരോഗമിക്കുന്നതിനൊപ്പംതന്നെ വിമാനത്താവളം നിർമാണത്തിന്റെ മറ്റു പ്രവർത്തനങ്ങളും മുന്നോട്ടു പോകുമെന്ന് സ്‌പെഷൽ ഓഫിസർ വി. തുളസീദാസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അനുമതി, മാസ്റ്റർ പ്ലാൻ തയ്യാറാക്കുക, വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുക, പരിസ്ഥിതി ആഘാത പഠനം നടത്തുക എന്നിവയാണ് സമാന്തര നടപടികൾ. സ്പെഷൽ ഓഫിസ് ഉടൻ ആരംഭിക്കും. സ്ഥലമെടുപ്പ് കഴിയുമ്പോഴേക്കു മറ്റ് നടപടികളും പൂർത്തിയാക്കുകയാണു ലക്ഷ്യം.