പൂഞ്ഞാറിന്റെ രാഷ്‌ട്രീയ ഭാവി

കാഞ്ഞിരപ്പള്ളി : പൂഞ്ഞാറിലെ ഭാവി രാഷ്‌ട്രീയം എന്താകും, ഉത്തരം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാകുമോ? വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ട ലോക്‌സ്‌ഭാ മണ്ഡലത്തില്‍, മൂന്നു മുന്നണികളും ആശങ്കയോടെയും പ്രതീക്ഷയോടെയും നോക്കുന്ന മണ്ഡലങ്ങളിലൊന്നാണു പൂഞ്ഞാര്‍. 

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇരു മുന്നണികളോടു സൗഹൃദ്യം കാത്തു സൂക്ഷിച്ചിട്ടുണ്ട്‌ പൂഞ്ഞാര്‍. മുന്നണികള്‍ മാറിയപ്പോഴും ഒറ്റയ്‌ക്കു നിന്നപ്പോഴും പി.സി. ജോര്‍ജിനെ പിന്തുണച്ച മെയ്‌വഴക്കവും പൂഞ്ഞാറിനുണ്ട്‌. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പാറത്തോട്‌, കോരുത്തോട്‌, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകള്‍ കൂടി കൂട്ടിചേര്‍ത്തതാണു നിലവിലെ പൂഞ്ഞാര്‍ മണ്ഡലം. മണ്ഡലത്തിലെ പാറത്തോട്‌, മുണ്ടക്കയം, തീക്കോയി, കൂട്ടിക്കല്‍, പഞ്ചായത്ത്‌ ഭരിക്കുന്നത്‌ യു.ഡി.എഫും എരുമേലി, കോരുത്തോട്‌, പഞ്ചായത്തുകള്‍ ഭരിക്കുന്നത്‌ എല്‍.ഡി.എഫുമാണ്‌.

പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട്‌ പഞ്ചായത്തുകള്‍ കോണ്‍ഗ്രസ്‌-ജനപക്ഷ സംയുക്‌ത മുന്നണിയാണ്‌ ഭരണം നടത്തുന്നത്‌. മണ്ഡലത്തിലെ ഏക മുനിസിപ്പാലിറ്റിയായ ഈരാറ്റുപേട്ട നഗരസഭ യു.ഡി.എഫിന്റെ കൈകളിലാണ്‌. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിക്കു 2761 വോട്ടിന്റെ മേല്‍ക്കൈ പൂഞ്ഞാറില്‍ ലഭിച്ചിരുന്നു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും തറപറ്റിച്ചു കളഞ്ഞു പി.സി. ജോര്‍ജ്‌. രണ്ടാം സ്‌ഥാനത്തെത്തിയ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയേക്കാര്‍ കൂടുതല്‍ നേടിയത്‌ 27821 വോട്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15099 വോട്ട്‌ നേടിയ എന്‍.ഡി.എ. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ വിഹിതം 19966 ആയി ഉയര്‍ത്തി. പത്തനംതിട്ട മണ്ഡലത്തില്‍ പൊതുവായി ചര്‍ച്ച ചെയ്യപ്പെടുമെന്നു കരുതുന്ന വിഷയങ്ങളൊക്കെയും പൂഞ്ഞാറില്‍ രണ്ടാം സ്‌ഥാനത്തായിരിക്കും. പി.സി. ജോര്‍ജും അദ്ദേഹത്തിന്റെ നിലപാടുകളുമായിരിക്കും ആദ്യം ചര്‍ച്ച ചെയ്യപ്പെടുക.
ജനപക്ഷമെന്ന പാര്‍ട്ടിയുമായി നിന്ന ജോര്‍ജ്‌ യു.ഡി.എഫിലേക്കു ചേക്കാറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ ബി.ജെ.പി. സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്‌. പി.സി. ജോര്‍ജിന്റെ വ്യക്‌തിപ്രഭാവം മാറ്റിനിര്‍ത്തിയാല്‍ തങ്ങളെ തുണയ്‌ക്കുന്ന മനസാണു പൂഞ്ഞാറിന്റേതെന്നു യു.ഡി.എഫ്‌. പറയുന്നു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മൂന്നിലവു സ്വദേശിയാണ്‌ സ്‌ഥാനാര്‍ഥിയായ ആന്റോ ആന്റണിയെന്നതും നേട്ടമായി യു.ഡി.എഫ്‌. ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ ആന്റോയോടുള്ള എതിര്‍പ്പ്‌ നേട്ടമാകുമെന്ന വിശ്വാസത്തിലാണു എല്‍.ഡി.എഫും വീണാ ജോര്‍ജും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ നാണക്കേടു മാറ്റേണ്ട ചുമതലയും എല്‍.ഡി.എഫിനുണ്ട്‌. എന്നാല്‍, മണ്ഡലത്തിലെ നിര്‍ണായക ശക്‌തിയായ ബി.ഡി.ജെ.എസിന്റെ പിന്തുണയോടെ ഗംഭീര മുന്നേറ്റമാണു കെ. സുരേന്ദ്രനും എന്‍.ഡി.എ. ക്യാമ്പും വിലയിരുത്തുന്നത്‌.

error: Content is protected !!