ക്രൈസ്തവ ഭവനങ്ങളിലെ പെസഹാ ആചരണം (വീഡിയോ)
April 19, 2019
ക്രിസ്തുദേവന്‍ തന്‍റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിലാണ് ക്രൈസ്‌തവർ പെസഹ ആചരിക്കുന്നത്. ക്രൈസ്തവരുടെ വിശുദ്ധവും ത്യാഗനിര്‍ഭരവുമായ ആചാരമാണ് പെസഹ.
പെസഹാ വ്യാഴഴ്ച ദേവാലയങ്ങളിലെ പ്രാര്‍ത്ഥനാശുശ്രുഷകൾക്ക് ശേഷം വീടുകളിൽ തിരിച്ചെത്തുന്ന വിശ്വാസികൾ കുടുബത്തിലെ എല്ലാവരോടും ചേർന്ന് “അപ്പം മുറിക്കൽ ശുശ്രൂഷ” ആചരിക്കുന്നു. കുരിശപ്പത്തിന്റെ പങ്കുവയ്ക്കൽ കുടുംബങ്ങൾ തമ്മിലുള്ള ആഴമായ സ്നേഹബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.
പെസഹാ ആചരിക്കുവാൻ കുടുംബത്തിലെ പ്രധാന അംഗങ്ങൾ എല്ലാവരും കുടുംബ സമേതം എത്താറുണ്ട്. മറ്റുബന്ധുക്കളും, ചിലപ്പോൾ സുഹൃത്തുക്കളും, അയൽവാസികളും പെസഹാ ആചാരണത്തിനായി ചില വീടുകളിൽ ഒത്തുചേരാറുണ്ട്.
പെസഹാ ആചരണത്തിന്റെ പ്രധാന ചടങ്ങു ” അപ്പം മുറിക്കൽ ” ശിശ്രൂഷയാണ്. അന്ത്യ അത്താഴ വേളയിൽ യേശുദേവൻ അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്കു നല്‍കിയതിനെ അനുസ്മരിച്ച് പ്രത്യേകം അപ്പം പുഴുങ്ങി പാല്‍ തയാറാക്കി അനുഷ്ഠാനങ്ങളോടെ കുടുംബാംഗങ്ങൾ എല്ലാവരും ഭക്ഷിക്കുന്നു. . രണ്ടു വാഴയില മടക്കി അതിൽ കുരിശപ്പം ഉണ്ടാക്കുന്നു. ഓശാന ഞായറാഴ്ച ലഭിച്ച കുരുത്തോലയുടെ അഗ്രം മുറിച്ച് കുരിശടയാളത്തില്‍ വച്ചാണ് അപ്പം പുഴുങ്ങുന്നത്.
ഓരോ വാഴയില മടക്കി അതിൽ മറ്റ് അപ്പങ്ങൾ ഉണ്ടാക്കുന്നു. ഇവയിൽ കുരിശ് വയ്ക്കാറില്ല. ഇണ്ടറിയപ്പം എന്നാണ് ഈ അപ്പം അറിയപ്പെടുക. കുരിശപ്പം നടുക്കും മറ്റ് അപ്പങ്ങൾ ചുറ്റുമായി പാത്രത്തിൽ വച്ച് അപ്പം പുഴുങ്ങിയെടുക്കുന്നു. . മാവ് പുളിക്കുന്നതിന് മുൻപ് തന്നെ മുന്‍പ് അപ്പം പുഴുങ്ങുന്നു.
തേങ്ങാപ്പാലും ശർക്കരയും ചേർത്തു ചൂടാക്കിയെടുക്കുന്നതാണ് “പാല്‍’ എന്ന വിഭവം. ഓശാന ഞായറാഴ്ചത്തെ കുരുത്തോല മുറിച്ച് കുരിശാകൃതിയിൽ പാലിലും ഇടുന്നു.
കുടുംബത്തിലെ ഏറ്റവും പ്രായമുള്ള പുരുഷനാണ് അപ്പം മുറിക്കുക. അപ്പം മുറിക്കുന്ന ആൾ പ്രാർത്ഥനക്കും ബൈബിൾ വായനക്കും ശേഷം അപ്പത്തിൽ കുരിശടയാളം വരച്ച ശേഷം കുരിശപ്പം മുറിച്ച് പാലും ചേർത്ത് മുതിർന്നവർ തുടങ്ങി ഓരോരുത്തർക്കായി നൽകുന്നു. എല്ലാവരും പ്രാർഥനയോടെ രണ്ട് കൈകളും നീട്ടി അപ്പവും പാലും സ്വീകരിക്കുന്നു. എല്ലാവർക്കും നൽകിയ ശേഷം അപ്പം മുറിച്ചയാൾ ഭക്ഷിക്കുന്നു.
നിശബ്ദരായി ഭയഭക്തികളോടെയാണു മുതിർന്നവരും കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബാംഗങ്ങൾ ഈ ശുശ്രൂഷയിൽ പങ്കുചേരുക. ഒരു തരി അപ്പമോ ഒരു തുള്ളി പാലോ നിലത്തുപോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു. ഓരോ ഭവനത്തിലെയും അപ്പംമുറിക്കലിനുശേഷം പ്രാർഥിച്ചു സ്തുതി ചൊല്ലി എല്ലാവരും കൂടി അടുത്ത ഭവനത്തിലേക്കു പോകുന്നു.
അടുത്ത ദിവസം ആചരിക്കുന്ന ദുഃഖ വെള്ളിയാഴ്‌ചയിലേക്കുള്ള ത്യാഗ പൂര്‍ണവുമായ ഒരുക്കം കൂടിയാണ് പെസഹാ ദിനം. പാപങ്ങളിൽ നിന്നും വിട്ടകന്ന്, ത്യാഗപൂർണമായ ജീവിതം നയിക്കുവാൻ പെസഹാ ആചരണം വിശ്വാസികളെ ഒരുക്കുന്നു. അതുതന്നെയാണ് പെസഹാ ആചരണത്തിന്റെ പ്രസക്തി.
ക്രൈസ്തവ ഭവനങ്ങളിലെ പെസഹാ ആചരണം
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ക്രിസ്തുദേവന്‍ തന്‍റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെ ഓര്‍മ്മയിൽ പെസഹാ ആചരിച്ചു. കാഞ്ഞിരപ്പള്ളി കുളപ്പുറം കൊച്ചുപറമ്പിൽ കുടുംബത്തിൽ പെസഹാ ദിനത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ആചരിച്ച അപ്പം മുറിക്കൽ ശുശ്രൂഷ ഇവിടെ കാണുക :