” ആ വാക്കുകൾ എന്റേതല്ല ” സോഷ്യൽ മീഡിയയിൽ പ്രചരിച്ച മുസ്ലിം വിരുദ്ധ പരാമർശം തന്റേതല്ലന്നു പി സി ജോർജ് ; അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്ക് പരാതി നൽകി
May 24, 2019
” ആ വാക്കുകൾ എന്റേതല്ല ” സോഷ്യൽ മീഡിയയിൽ പ്രചരിച്ച മുസ്ലിം വിരുദ്ധ പരാമർശം തന്റേതല്ലന്നു പി സി ജോർജ് ; അന്വേഷണം ആവശ്യപ്പെട്ടു ഡിജിപിക്ക് പരാതി നൽകി
പി സി ജോർജ് ഫോണിൽ കൂടി നടത്തിയ സംഭാഷണത്തിൽ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോൺ സംഭാഷണം പൂർണമായും തന്റേതല്ല എന്ന് പി സി ജോർജ്. താൻ നടത്തിയ ഫോൺ സംഭാഷണം ആരോ എഡിറ്റ് ചെയ്തു, തന്റെ സ്വരത്തിൽ അനാവശ്യം സംസാരിച്ചതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതെന്നും പി സി വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി.
ഏഴ് മിനിട്ട് നീണ്ട വിവാദ ഫോൺ സംഭാഷണത്തിൽ മൂന്ന് മിനിട്ട് മാത്രമാണ് താൻ സംസാരിച്ചതെന്നും അവശേഷിച്ച നാല് മിനിട്ടിലുള്ള മുസ്ലിം വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ട സംഭാഷണം തന്റേതല്ലെന്നും പി സി ജോർജ് അറിയിച്ചു. . ഡിജിപിക്ക് നൽകിയ പരാതിയിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു സെബാസ്റ്റ്യൻ എന്ന പേരിൽ വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയതായി ആരോപണം ഉയർന്നത്. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.
മുസ്ലിം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ എംഎൽഎ യുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി മാറിയിരുന്നു. മാർച്ചിന് ഒടുവിൽ വീട്ടിലേക്ക് കല്ലേറുണ്ടായി. 40 ഓളം പേർക്കെതിരെ കേസെടുത്തെന്ന് പോലീസ് അറിയിച്ചു. വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ് . എംഎൽഎ ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ വോയിസ് ക്ലിപ്പുകളും പ്രതികരണങ്ങളും നിറഞ്ഞുകൊണ്ടിരിക്കെയാണ് ഇപ്പോൾ ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.