വീണ്ടും ശ്രദ്ധാകേന്ദ്രമായി പൂഞ്ഞാർ
മണ്ഡലരൂപീകരണം മുതൽ വലത്തോട്ടാണു ചായ്വെങ്കിലും ചെറിയകാലം ഇടത്തോട്ടു ചായാനും മടികാട്ടിയിട്ടില്ലെന്നതാണു പൂഞ്ഞാറിന്റെ ചരിത്രം. 1957 മുതൽ ഏറെക്കാലം കോണ്‍ഗ്രസിനായിരുന്നു വിജയം. 1967ൽ കേരള കോണ്‍ഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജിനെയാണു പൂഞ്ഞാർ നിയമസഭയിലെത്തിച്ചത്.
ഇതോടെ മണ്ഡലം കേരള കോണ്‍ഗ്രസിന് സ്വന്തമായി. 1967 മുതൽ 1970 വരെയും 1970 മുതൽ 77 വരെയും കെ.എം. ജോർജ് തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1977ൽ കേരള കോണ്‍ഗ്രസിലെ വി.ജെ. ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. 80ലും 82ലും പി.സി. ജോർജിനൊപ്പം വിജയം നിന്നെങ്കിലും 1987ൽ ജനതാദളിലെ പ്രഫ. എൻ.എം. ജോസഫിനോട് പി.സി. ജോർജ് പരാജയപ്പെട്ടു.
1991ലെ തെരഞ്ഞെടുപ്പിൽ ജോയി ഏബ്രഹാം വിജയിച്ചു. 1996ൽ ജോയി ഏബ്രഹാമിനെ പരാജയപ്പെടുത്തി പി.സി. ജോർജ് മണ്ഡലം തിരിച്ചു പിടിച്ചു. പിന്നീട് മണ്ഡലത്തിൽ പിസിയല്ലാതെ മറ്റൊരാളും ജയിച്ചിട്ടില്ല. 2006ൽ കേരളകോണ്‍ഗ്രസ് സെക്കുലർ പാർട്ടിയും 2016ൽ കേരള ജനപക്ഷം പാർട്ടിയും സ്ഥാപിച്ചാണ് ജോർജ് മൽസരിച്ചത്.
2016ൽ ഇടത്-വലത് മുന്നണികളെ പരാജയപ്പെടുത്തി അട്ടിമറി വിജയമായിരുന്നു ജോർജ് നേടിയത്. മണ്ഡലം രൂപം കൊണ്ട് 64 വർഷം പിന്നിടുന്പോൾ അതിൽ 32 വർഷവും ജനപ്രതിനിധി പി.സി. ജോർജാണ്.
2011ലെ മണ്ഡല പുനർനിർണയത്തിൽ കാഞ്ഞിരപ്പളളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന മുണ്ടക്കയം, എരുമേലി, പാറത്തോട് പഞ്ചായത്തുകൾകൂടി പൂഞ്ഞാർ മണ്ഡലത്തിന്റെ ഭാഗമായി. ഈരാറ്റുപേട്ട നഗരസഭയും പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട്, എരുമേലി, കോരുത്തോട് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പൂഞ്ഞാർ നിയോജകമണ്ഡലം.
ഇതിൽ ഈരാറ്റുപേട്ട നഗരസഭ, കോരുത്തോട്, തീക്കോയി പഞ്ചായത്തുകൾ ഒഴിച്ചുള്ള പഞ്ചായത്തുകളുടെ ഭരണം ഇടതുമുന്നണിക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ഇവിടെ മൂന്നാംസ്ഥാനത്തായിരുന്നു. ഇത്തവണ മാണി വിഭാഗത്തിന്റെ കടന്നുവരവ് പ്രയോജനം ചെയ്യുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ തവണ ഇടതിൽ ജനാധിപത്യ കോണ്‍ഗ്രസായിരുന്നു മത്സരിച്ചതെങ്കിലും ഇത്തവണ കേരള കോണ്‍ഗ്രസ് -എം പൂഞ്ഞാറിൽ പിടിമുറുക്കിയിട്ടുണ്ട്.
യുഡിഎഫിൽ തുടരുന്ന കേരള കോണ്‍ഗ്രസ് -ജോസഫ് വിഭാഗം ഇവരുടെ സീറ്റ് കണക്കിൽ പൂഞ്ഞാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കാൻ പി.സി. ജോർജ് ശ്രമം നടത്തിയെങ്കിലും നടപ്പാകാതെ വന്നതിനാൽ ജോർജ് തനിച്ചു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ബിജെപി നിലപാട് വ്യക്തമാക്കിയിട്ടില്ല.