ഉടയാടകളിൽ ഭംഗിയാർന്ന ചിത്രങ്ങൾ രചിച്ച് സ്വപ്‍ന നൽകുന്നത് സ്വപ്നതുല്യമായ വസ്ത്രങ്ങൾ
പൊൻകുന്നം: തിളങ്ങുന്ന പാർട്ടിവെയറുകൾക്കിടയിൽ ട്രെൻഡിയായി ചുവർച്ചിത്രഭംഗിയുള്ള വസ്ത്രങ്ങളും. പഞ്ചഭൂതാത്മകമായ സങ്കൽപ്പത്തോടെ രചിക്കുന്ന ചുവർച്ചിത്രമികവ് യ്ക്കായാലോ എന്ന് ഒരു വീട്ടമ്മ ചിന്തിച്ചപ്പോൾ കേരളീയ വസ്ത്രങ്ങളിലേക്ക് അത്തരം ചിത്രങ്ങളും കുടിയേറി.
ഇപ്പോൾ ബാലരാമപുരം കൈത്തറി വസ്ത്രങ്ങളിലും ബ്രാൻഡഡ് തുണിത്തരങ്ങളിലും വേറിട്ട ഇടംതന്നെയുണ്ട് ചുവർച്ചിത്രമിഴിവിന്.
പഞ്ചവർണത്തിലെഴുതിയ ദൈവരൂപങ്ങളുടെ ഭംഗി ഷർട്ടിലും സാരിയിലുമൊക്കെയായി അണിയാൻ കൊതിക്കുന്നവർക്ക് സ്വപ്നതുല്യമായ ചിത്രമെഴുതുന്നത് ചെറുവള്ളി കാവുംഭാഗം സ്വപ്നഭവനിൽ സ്വപ്ന ഹരികുമാർ എന്ന വീട്ടമ്മ. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ചിത്രങ്ങൾ 11 വർഷത്തിനിടെ ഉടയാടകൾ കാൻവാസാക്കി രചിച്ചു.
വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ ഏറെപ്പേർ സ്വപ്‌നയുടെ ചിത്രമികവ് കുപ്പായങ്ങളിലേക്ക് പകർത്തി വാങ്ങി. ഏറെക്കാലം തിരുവനന്തപുരത്ത് താമസിച്ച സ്വപ്‌ന അവിടെ കസവുമാളികയിലെ ഉപഭോക്താക്കൾക്കായി പതിവായി വസ്ത്രങ്ങളിൽ ചിത്രമെഴുതി നൽകിയിരുന്നു; കൂടാതെ ബാലരാമപുരം കൈത്തറി വസ്ത്രങ്ങളിലും. ഇപ്പോൾ ഫെയ്‌സ്ബുക്കിലും ഓൺലൈനിലും ആവശ്യപ്പെടുന്നവർക്കായി വസ്ത്രങ്ങളിൽ ചുവർച്ചിത്രം രചിക്കുന്നുണ്ട്. മിക്കവാറും ഉപഭോക്താക്കൾ നൽകുന്ന നിർദേശമനുസരിച്ച് കേരളസാരിയും ഷർട്ടും തിരഞ്ഞെടുത്ത് അതിൽ ചിത്രം വരയ്ക്കുകയാണ്. ചിലർ കുപ്പായം അയച്ചുനൽകും.
സ്‌കൂൾ പഠനകാലത്ത് ചിത്രരചനയിലും മികവ് കാട്ടിയ സ്വപ്ന ബി.എസ്‌സി. ബിരുദം നേടിയ ശേഷം നഴ്‌സിങ് പഠിച്ച് കുറെക്കാലം നഴ്‌സായി. പിന്നീട് വീട്ടിലെ സാഹചര്യങ്ങൾമൂലം ജോലി ഉപേക്ഷിച്ച് മുഴുവൻസമയ ചിത്രകാരിയായി മാറി. തിരുവനന്തപുരം കരമനയിൽ പ്രിൻസ് തോന്നയ്ക്കൽ എന്ന ഗുരുവിൽനിന്നാണ് ചുവർച്ചിത്രരചന പഠിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ബൃഹത്തായ മ്യൂറൽ ഭാഗവത രചനയിലേക്ക് മറ്റ് നിരവധി പേർക്കൊപ്പം സ്വപ്‌നയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അച്ഛൻ വി.ആർ.ഗോപിനാഥൻ നായർക്കും അമ്മ രത്‌നമ്മയ്ക്കുമൊപ്പമാണ് ചെറുവള്ളിയിൽ സ്വപ്‌ന താമസിക്കുന്നത്. ഏകമകൻ സൂര്യവിനായക് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിൽ ഏഴാം ക്ലാസ് വിദ്യാർഥി. മകനും ചിത്രകലാതത്പരൻ.