ദുർബലമായ വീടിന് കതകുണ്ടാക്കാൻ മരം മുറിച്ചു; വീട്ടമ്മക്കെതിരെ കേസ് : വനം വകുപ്പിനെതിരെ പ്രതിഷേധം.
കണമല : പൊളിഞ്ഞ് വീഴാറായ വീടിനു കതകുണ്ടാക്കാൻ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് മരം വെട്ടിയ വീട്ടമ്മയ്ക്കെതിരെ കേസ് എടുത്ത് കണമലയിലെ വനപാലകർ. കണമല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിയിലെ ചരിവുകാലായിൽ റുഖിയ ബീവിക്കാണ് ഈ ദുരവസ്ഥ.
കഴിഞ്ഞ ദിവസമാണ് സംഭവം. കേസ് എടുക്കരുതെന്നും പിടിച്ചെടുത്ത തടി വിട്ടുതരണമെന്നും വീട്ടമ്മ അപേക്ഷിച്ചിട്ടും വനപാലകർ വഴങ്ങിയില്ല. പത്ത് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ റുഖിയ ബീവിയും പത്താം ക്ലാസിൽ പഠിക്കുന്ന മകളും, പ്ലസ് ടൂ കഴിഞ്ഞ മകനുമൊത്ത് കിസുമം ഐത്തല പടിക്കു സമീപം ജീർണിച്ചു പഴക്കം ചെന്ന വീട്ടിലാണ് താമസം. മുൻ വശത്തെ കതക് ദുർബലമാണ്. ചെറുതായി അമർത്തിയാൽ പോലും തകരും. അടുക്കള വാതിൽ ഇല്ല. പകരം ചാക്ക് ഷീറ്റ് കൊണ്ടു മൂടുകയാണ് പതിവ്. കതകുകൾ നിർമിക്കാനായാണ് തടി വെട്ടിയത്.
15 വർഷത്തോളം പ്രായം വരുന്ന പ്ലാവ് സ്ഥലത്തെ യുവാക്കളുടെ സഹായത്തോടെ മുറിച്ച് കഴിഞ്ഞ ദിവസം റോഡിൽ കയറ്റി. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ കണമല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ തടയുകയും കേസെടുക്കുകയുമായിരുന്നെന്ന് റുഖിയ പറയുന്നു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ റുഖിയക്ക് ഇതിൽ നിന്നും കിട്ടുന്ന കൂലി മാത്രമാണ് ഉപജീവനമാർഗം. കേസുമായി പോകാൻ സാമ്പത്തികമില്ലെന്നു റുഖിയ പറയുന്നു.
അതേസമയം വനം വകുപ്പിന്റെ നിയമങ്ങൾക്ക് വിധേയമായി പട്ടയത്തിൽ അനുമതി ഉള്ള മരങ്ങൾ മാത്രമേ മുറിക്കാൻ കഴിയൂ എന്ന് റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ പറഞ്ഞു. മാറ്റം വരുത്തണമെങ്കിൽ സർക്കാർ ഇടപെടൽ ഉണ്ടാകണം. അപകട ഭീഷണിയിൽ നിൽക്കുന്ന വൃക്ഷങ്ങളാണെങ്കിൽ ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുറിച്ച് മാറ്റുന്നതിനുള്ള അനുമതി നൽകുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വനം വകുപ്പിന്റെ തടസവാദം നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കർഷക സംഘടനകൾ പറയുന്നു. 2007 വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം അനുസരിച്ച് ആഞ്ഞിലി, പ്ലാവ് അടക്കം 28 ഇനം മരങ്ങൾ മുറിക്കുന്നതിനു അനുമതി വേണ്ടന്നാണ് നിയമം. ഇല്ലാത്ത നിയമത്തിന്റെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കുന്ന നടപടിയുമായി വനം വകുപ്പ് ഇറങ്ങിയാൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജനകീയ കർഷക സമിതി ചെയർമാൻ ജോൺ മാത്യു ചക്കിട്ടയിൽ പറഞ്ഞു.