നഷ്ടംനേരിട്ട് സി.പി.ഐ.; ഒന്നിലേക്ക് ഒതുങ്ങി
1982 മുതൽ എട്ടു തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ച സീറ്റാണ് (ആദ്യം വാഴൂരും പിന്നെ കാഞ്ഞിരപ്പള്ളിയും) സി.പി.ഐ.ക്ക് വിട്ടുനൽകേണ്ടിവന്നത്. പകരം മറ്റൊരു സീറ്റ് എന്ന ആവശ്യവും നടപ്പായില്ല. ചൊവ്വാഴ്‌ച തിരുവനന്തപുരത്തു നടന്ന സി.പി.ഐ. സംസ്‌ഥാന കൗൺസിലിൽ ജില്ലാ സെക്രട്ടറി ഒരു സീറ്റ് നഷ്്‌ടപ്പെട്ടതിലുള്ള പരാതി അറിയിച്ചു.
ജനാധിപത്യകേരള കോൺഗ്രസിനും സ്‌കറിയാ തോമസ് വിഭാഗത്തിനും എൻ.സി.പി.ക്കും സീറ്റ് നഷ്‌ടമായി. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസ് മൂന്നുസീറ്റിലും എൻ.സി.പി.യും സ്‌കറിയാ തോമസ് വിഭാഗവും ഒാരോ സീറ്റിലുമാണ് മത്സരിച്ചത്.
പി.സി.തോമസ് വരുമോ
എൻ.ഡി.എ.യിൽ തിരഞ്ഞെടുപ്പ് ചർച്ചകൾ തുടരവേ പാലായിൽ പി.സി. തോമസ് മത്സരിക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേരള കോൺഗ്രസ് സംസ്‌ഥാന സെക്രട്ടേറിയറ്റ് ബുധനാഴ്‌ച മൂന്നിന് കോട്ടയത്ത് ചേരും. പാലായിൽ പി.സി.തോമസ് മത്സരിക്കണമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ താത്‌പര്യം. മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പി.സി. തോമസ് ഇതുവരെ. എന്നാൽ ബി.ജെ.പി. നേതൃത്വത്തിന്റെ താത്‌പര്യം പരിഗണിച്ച് മത്സരിക്കണമെന്ന തരത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.
കേരള കോൺഗ്രസ് എം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
കേരള കോൺഗ്രസ് എമ്മിന്റെ സ്‌ഥാനാർഥികളെ പാർട്ടി ചെയർമാൻ ബുധനാഴ്‌ച പ്രഖ്യാപിക്കും. കടുത്തുരുത്തിയിൽ ആരെത്തുമെന്നതാണ് സസ്‌പെൻസ്.
ആറിടത്ത് എസ്.യു.സി.ഐ.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആറു മണ്ഡലങ്ങളിൽ എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ് ) പാർട്ടിയുടെ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. വൈക്കം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളിൽ എസ്.യു.സി.ഐ. മത്സരിക്കും.
കുത്തകകൾക്കുവേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന മൂന്ന് മുന്നണികൾക്കുമെതിരേ ജനകീയസമര രാഷ്ട്രീയത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്ത് ആകെ 36 മണ്ഡലങ്ങളിൽനിന്നുമാണ് പാർട്ടി ജനവിധി തേടുന്നത്.
ജില്ലാ സെക്രട്ടറി മിനി കെ.ഫിലിപ്പ്, സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. പി.എൻ. തങ്കച്ചൻ, എ.ജി. അജയകുമാർ, എം.കെ. ഷഹസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.