ആശ്വാസമായി വേനൽമഴ
കാഞ്ഞിരപ്പള്ളി: രണ്ടുദിവസമായി വൈകുന്നേരങ്ങളിൽ പെയ്യുന്ന വേനൽമഴ കനത്ത വേനൽച്ചൂടിന് ആശ്വാസമായി. നേരിയ തോതിലെങ്കിലും വേനൽമഴ ലഭിച്ചത് കാർഷികമേഖലയ്ക്കും കരുത്തായി. വൈകുന്നേരങ്ങളിൽ മാനം കറുത്തിരുണ്ടതോടെ കർഷകരെല്ലാം വലിയ പ്രതീക്ഷയിലായിരുന്നു. അങ്ങിങ്ങായി ചെറിയ മഴയാണ് ലഭിച്ചതെങ്കിലും കർഷകർ സന്തോഷത്തിലാണ്.
കനത്ത പകൽച്ചൂടിനു ശേഷം വൈകുന്നേരങ്ങളിൽ ലഭിക്കുന്ന മഴ സംബന്ധിച്ച് ആശങ്കയും ഇല്ലാതില്ല. മഴ തുടർന്നു ലഭിച്ചില്ലെങ്കിൽ വിളകൾക്കു നനകൊടുക്കാൻ കഴിയാതെ വന്നാൽ പ്രതിസന്ധി ഉയരുമോ എന്ന സംശയവുമുണ്ട്. പ്രധാന ജലസ്രോതസുകളായ തോടുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. പലയിടങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായിട്ടുണ്ട്. പച്ചക്കറി ഇനങ്ങളും വാഴ, ജാതി തുടങ്ങിയവയും വെള്ളമില്ലാത്തതിനെത്തുടർന്ന് കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് വലിയ പ്രതീക്ഷയോടെ കാർഷികലോകം വരുംദിവസങ്ങളിലും മഴയെ പ്രതീക്ഷിച്ചിരിക്കുന്നത്. മഴ ലഭിച്ചതോടെ രാത്രിസമയത്തെ വലിയ ചൂടിനും നേരിയ പരിഹാരമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം സാംക്രമിക രോഗങ്ങൾക്കു വഴിതെളിക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.