വേനല്‍ കനത്തു; തീപിടിത്ത സാധ്യതയേറുന്നു
കാഞ്ഞിരപ്പള്ളി: വേനല്‍ ചൂട് കനത്തതോടെ മലയോര മേഖലയിലെ റബര്‍ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും തീ പിടിത്ത സാധ്യതയേറുന്നു. തോട്ടങ്ങളോടും വനമേഖലയോടും ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് തീപടരാന് സാധ്യത കൂടുതലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലായി പത്തോളം തീപിടിത്തങ്ങളാണ് ഉണ്ടായത്. ഇതില്‍ ഏറെയും തോട്ടങ്ങളിലും പുരയിടങ്ങളിലുമായിരുന്നു. ഒരു പരിധി വരെ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ തീപിടിത്തത്തില്‍നിന്നു രക്ഷനേടാമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറയുന്നു. അശ്രദ്ധമായി തീ ഉപയോഗിക്കുന്നത് വന്‍ദുരന്തങ്ങളിലേക്ക് വഴിനയിക്കാറുണ്ട്. കത്തിച്ച ശേഷം വലിച്ചെറിയുന്ന സിഗരറ്റ്, തീപ്പെട്ടി എന്നിവ കെടുത്തിയെന്ന് ഉറപ്പ് വരുത്തണം. വരണ്ടു കിടക്കുന്നതിനാല്‍ തീ കാറ്റത്ത് പറന്ന് അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ തണുപ്പ് ഏറിയതിനാല്‍ കരിയിലകള്‍ക്ക് തീയിടുന്ന പതിവ് നാട്ടിന്‍പുറത്തുണ്ട്. കരിയിലകള്ക്കൊപ്പമുള്ള ഉണക്കകമ്പുകളില്‍ പടരുന്ന തീ അണയാതെ കിടന്നാല്‍ വെയില് കനക്കുമ്പോള്‍ ആളിപ്പടരാന്‍ കാരണമാകും.
ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും വീണടിയുന്നതും മണ്ണില്‍ ജലാംശമില്ലാതാകുന്നതും ചൂടുവായു പ്രവാഹവുമെല്ലാം തീപിടിത്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഉച്ചയ്ക്ക് 12നും രണ്ടിനുമിടിയിലുള്ള സമയത്താണ് തീ ഏറ്റവുമധികം ആളിപ്പടരുന്നതെന്നാണ് അഗ്നിശമന വിദഗ്ധരുടെ മുന്നറിയിപ്പ്.