കാഞ്ഞിരപ്പള്ളിയിൽ എൻ.ഡിഎ സ്ഥാനാർഥി ആര് ? അൽഫോൻസ് കണ്ണന്താനം, ജെ.പ്രമീളാദേവി, വി.എൻ.മനോജ്, നോബിൾ മാത്യു, ജേക്കബ് തോമസ്, എൻ. ഹരി ?
കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലയിലെ ബിജെപിയുടെ ‘എ’ ഗ്രേഡ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ ആരാകും എൻ.ഡിഎ. സ്ഥാനാർഥി ? മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികളുടെ ജയപരാജയ സാധ്യതകൾ നിർണയിക്കുന്നത് കാഞ്ഞിരപ്പള്ളിയിലെ എൻ.ഡിഎ. സ്ഥാനാർഥിയുടെ മൂല്യം ആയിരിക്കും എന്നുറപ്പാണ്.
കഴിഞ്ഞ തവണ ബി.ജെ.പി.ക്ക് മണ്ഡലത്തിൽ സ്വപ്നതുല്യമായ വോട്ട് നേടിക്കൊടുത്ത വി.എൻ.മനോജ്, പാർട്ടി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, ജെ.പ്രമീളാദേവി, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരി, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. . അപ്രതീക്ഷിത കരുനീക്കത്തിലൂടെ പട്ടികയിലില്ലാത്ത പ്രമുഖരെ ദേശീയനേതൃത്വം രംഗത്തിറക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞതവണ മത്സരിച്ച വി.എൻ.മനോജ് ആകെ പോൾ ചെയ്‌ത വോട്ടിന്റെ 23 ശതമാനമാണ് നേടിയത്. പള്ളിക്കത്തോട് പഞ്ചായത്തിൽ ഭരണം ബി.ജെ.പി.ക്കാണ്. 2011-ൽ മണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥി 8037 വോട്ട് നേടിയ സ്ഥാനത്ത് 2016-ൽ വി.എൻ.മനോജ് 31,411 വോട്ടു നേടി. 23,374 വോട്ടിന്റെ വർധന.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കെ.സുരേന്ദ്രൻ നേടിയത് 36,628 വോട്ടും. വി.എൻ.മനോജിന് അനുകൂലമായ ഘടകം ഈ വോട്ടുനേട്ടമാണ്. പാർട്ടി വോട്ടുകളും ന്യൂനപക്ഷവോട്ടുകളും ഒരുപോലെ സമാഹരിക്കാനായി ന്യൂനപക്ഷവിഭാഗത്തിൽനിന്നുള്ളയാളെ സ്ഥാനാർഥിയാക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചാൽ നോബിൾ മാത്യു പരിഗണിക്കപ്പെട്ടേക്കും.
മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മത്സരിക്കാൻ താത്‌പര്യമില്ലെന്നറിയിച്ചെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ സമ്മർദമുണ്ടായാൽ അദ്ദേഹം കളത്തിലിറങ്ങിയേക്കാം. ഇരുവരും നാട്ടുകാരാണെന്നതും അനുകൂല ഘടകമാണ്. അഴിമതിക്കെതിരായ ‘കരുനീക്ക’മെന്നനിലയിൽ ബി.ജെ.പി. അവതരിപ്പിക്കുന്ന ജേക്കബ് തോമസിന്റെ പേരും ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ കേൾക്കുന്നുണ്ട്.