തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുടെ ഭാഗമായി എരുമേലിയിൽ കേന്ദ്രസേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി.
എരുമേലി : നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുടെ ഭാഗമായി എരുമേലിയിൽ ക്യാമ്പ് ചെയ്യുന്ന ഐ.ടി.ബി.പി. കേന്ദ്രസേനാംഗങ്ങൾ വ്യാഴാഴ്ച എരുമേലി ടൗണിൽ റൂട്ട് മാർച്ച് നടത്തി. മുക്കൂട്ടുതറ, മുട്ടപ്പള്ളി പ്രദേശങ്ങളിലും റൂട്ട് മാർച്ച് നടത്തി. 100-പേരടങ്ങുന്ന സംഘമാണ് എരുമേലിയിൽ ക്യാമ്പ് ചെയ്യുന്നത്. എസ്.എച്ച്.ഒ. എ.ഫിറോസ്, എസ്.ഐ.മാരായ അജി ജേക്കബ്, സതീഷ്, അബ്ദുൾ അസീസ്, ഏരിയാ ലെയ്‌സൺ ഉദ്യോഗസ്ഥരായ സിനോ തങ്കപ്പൻ, അനിൽകുമാർ, ബ്രഹ്മദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ജയ്പൂരിൽ നിന്ന് എത്തിയ ഇൻഡോ – ടിബറ്റൻ അതിർത്തി സേനയിലെ ഒരു കമ്പനി സേനാംഗങ്ങൾ ആണ് നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി എരുമേലിയിൽ ക്യാമ്പ് ചെയ്യുന്നത്. എരുമേലിയിൽ പോലിസ് സ്റ്റേഷനോട് ചേർന്നുള്ള ബാരക്ക് ക്യാമ്പിലാണ് സേനക്ക് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ നാല് കമ്പനി സേന ഉണ്ടാകുമെന്നും പോലിസിന്റെ നാല് സബ് ഡിവിഷനുകളിലായി ഓരോ കമ്പനിയെ നിയോഗിക്കുമെന്നും പോലിസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലേക്കുള്ള കേന്ദ്ര സേനയാണ് എരുമേലിയിൽ ക്യാമ്പ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സമാധാനപരമാക്കുന്നതിന് 150 കമ്പനി കേന്ദ്ര സേനയുടെ സേവനം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 30 കമ്പനി സേന ആണ് നിലവിൽ എത്തിയിട്ടുള്ളത്. ഇതിൽ ഒരു കമ്പനി സായുധ സേനയാണ് എരുമേലിയിൽ ക്യാമ്പ് ചെയ്യുന്നത് . തെരഞ്ഞെടുപ്പ് തീരുന്നത് വരെയാണ് സേനയുടെ സേവനം.