വിധിയുടെ ക്രൂരമായ വിളയാട്ടം .. പണമില്ലാത്തതിനാൽ ഗുരുതരാവസ്ഥയിലുള്ള സ്വന്തം രോഗം മറച്ചുവച്ച് ഭാര്യയുടെ അർബുദ രോഗചികിത്സയ്ക്കായി പോകവേ വാഹനാപകടത്തിൽ പെട്ട് ഭാര്യ മരണമടഞ്ഞു . ഗുരുതരപരിക്കുകളോടെ ഭർത്താവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

കണമല : അടിയന്തിരമായി ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടത്തണം എന്ന ഡോക്ടറുടെ കർശന നിർദേശം ഉണ്ടായിട്ടും, അർബുദ രോഗത്താൽ വലയുന്ന ഭാര്യയുടെ ചികിത്സ മുടങ്ങാതിരിക്കുവാൻ കണമല പമ്പാവാലി കീരിത്തോട് കൊല്ലംപറമ്പിൽ സതീഷ് തന്റെ ഗുരുതരാവസ്ഥ ഭാര്യ മിനിയിൽ നിന്നും മറച്ചുവച്ചു. തനിക്ക് ഓപ്പറേഷന്റെ ആവശ്യമില്ലെന്നും, മരുന്ന് കഴിച്ചാൽ മതിയെന്നുമാണ് ഡോക്ടർ പറഞ്ഞത് എന്നുമാണ് സതീഷ് ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത്. കൈയിലുള്ളതും, വിറ്റുപെറുക്കി കിട്ടിയതും, നല്ലവരായ നാട്ടുകാരുടെ സഹായവുമെല്ലാം സതീഷ്, തന്റെ ജീവനെക്കാൾ സ്നേഹിക്കുന്ന ഭാര്യയുടെ ചികിത്സയ്ക്കാണ് മുടക്കിയത്. തന്റെ ദുഃഖങ്ങൾ വീട്ടിൽ ആരോടും പറയാതെ സ്വയം സഹിക്കുകയായിരുന്നു, അടുത്തുള്ള ഷാപ്പിൽ ദിവസക്കൂലിക്ക് പണിയെടുത്തു കുടുംബം പോറ്റിയിരുന്ന , ആ കുടുബസ്നേഹിയായ സാധു മനുഷ്യൻ.

എങ്കിലും, ആ സ്നേഹം കണ്ടില്ലെന്ന് നടിച്ച, കണ്ണ് മൂടിക്കെട്ടിയ വിധിയുടെ ക്രൂരമായ വിളയാട്ടത്തിന് ബലിയാടാവുകയായിരുന്നു ആ സാധുകുടുംബം . തൊണ്ടയിൽ കാൻസർ വന്നു ഗുരുതരാവസ്ഥയിലായ ഭാര്യയ്ക്ക് തുടർ ചികിത്സ നൽകുവാൻ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴിക്ക് റാന്നി പാലത്തിന് സമീപം വെച്ച് എതിരെ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിനി മരണപെട്ടു. വാരിയെല്ലുകൾ ഒടിഞ്ഞു ഗുരുതരാവസ്ഥയിലായ സതീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. ഒന്നിന് പിറകെ മറ്റൊന്നായി ആ കൊച്ചു കുടുംബത്തെ ദുരന്തങ്ങൾ വേട്ടയാടുമ്പോൾ, ഇനി എന്തു ചെയ്‌യണം എന്നറിയാതെ സതീഷിന്റെയും, മിനിയുടെയും മൂന്നു മക്കൾ പകച്ചു നിൽക്കുന്നു.. അവരെ മാറോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുവാൻ നാട്ടിലെ സുമനസുകൾ ഒരുമിക്കുന്നു..

ഇക്കഴിഞ്ഞ ഞായർ രാത്രി 12.30 ഓടെ റാന്നിയിൽ വെച്ചാണ് അപകടമുണ്ടായത്. നാല് വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന മിനിയെ തുടർച്ചികിൽസക്ക് കാറിൽ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലേക്ക് കൊണ്ടുപോകുമ്പോൾ റാന്നി പാലത്തിന് സമീപം വെച്ച് എതിരെ വന്ന സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെയാണ് മിനിയുടെ നിർധന കുടുംബം ചികിത്സ നടത്തിയിരുന്നത്. ഷാപ്പിലെ ജോലിക്കാരനാണ് സതീഷ്. അപകടത്തിൽ സതീഷിന് വാരിയെല്ല് ഒടിഞ്ഞ് പരിക്കേറ്റിരുന്നു. മിനിയുടെ അമ്മ രാജമ്മ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ ഒപ്പം ഉണ്ടായിരുന്ന മിനിയുടെ ഇളയ മകൻ സച്ചു, ബന്ധുവായ ഡ്രൈവർ എന്നിവർക്കും പരിക്കേറ്റിരുന്നു. സനീഷ് (ഉണ്ണി ), നിധീഷ് (അപ്പു ) എന്നിവരാണ് മറ്റ് മക്കൾ.

error: Content is protected !!