പി സി ജോർജ്ജിന്റെ ഔദ്യോഗിക വസതി ഇനി സെബാസ്റ്റിയൻ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്; പിസിയുടെ ഐശ്യര്യം ഇനി സെബാസ്റ്റിൻറെ ഒപ്പമാകുമോ ?
ചോറ്റി: പത്ത് വർഷക്കാലം പി സി ജോർജ്ജിന്റെ ഔദ്യോഗിക വസതി ആയിരുന്ന ചോറ്റിയിലെ വീട് ഇനി സെബാസ്റ്റിയൻ കുളത്തുങ്കലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ആയി പ്രവർത്തിക്കും.
ചോറ്റിയിൽ എം.എൽ.എ.യുടെ ഔദ്യോഗിക വസതിയായിരുന്നു ഇത്. കഴിഞ്ഞ തിരഞ്ഞ്ഞെടുപ്പും അതിനുശേഷമുള്ള എം.എൽ.എ. എന്ന നിലയിലുള്ള പ്രവർത്തനങ്ങളും ജോർജ്ജ് നിയന്ത്രിച്ചിരുന്നത് ഈ വീട്ടിലിരുന്നായിരുന്നു. അടുത്തകാലത്ത് പി സി ജോർജ് ആ വീട് മാറി, അടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്ക് അദ്ദേഹത്തിന്റെ ഓഫീസ് മാറ്റിയിരുന്നു.
പി സി ജോർജ്ജിന്റെ രാശിയായിരുന്നു ഈ വീടെന്നും ഒരു പറച്ചിലുണ്ടായിരുന്നു. ഈ വീടിന്റെ പാല് കാച്ചൽ ചടങ്ങ് നടക്കുന്ന വേളയിലാണ് പി സി ജോർജ്ജിന്റെ കരുത്തനായ എതിരാളി അൽഫോൻസ് കണ്ണന്താനം തന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചത്. ജോർജ്ജിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച ആ വീടാണ് സെബാസ്റ്റിയൻ കുളത്തുങ്കൽ തന്റെ കമ്മറ്റി ഓഫീസ് ആക്കിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലം ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വിജയമ്മ വിജയലാൽ പാലുകാച്ചൽ നടത്തി. സ്ഥാനാർഥി അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഡയസ് കോക്കാട്ട്, അലക്സ് പുതിയാപറമ്പിൽ, കെ.പി. സുജീലൻ, ജോർഡിന് കിഴക്കേത്തലയ്ക്കൽ, ആന്റണി മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.