ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ സന്യാസിനിമാര്‍ക്ക് നേരെ നടന്ന അക്രമം അപലപനീയം: കാഞ്ഞിരപ്പള്ളി രൂപതാ സി.ആര്‍.ഐയും അല്മായ സംഘടനകളും
കാഞ്ഞിരപ്പള്ളി: മതം മാറ്റുവാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ യുവസന്യാസിനിമാര്‍ക്ക് നേരെയുണ്ടായ ബജ്‌റംഗ്ദള്‍ അക്രമണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഗ്രിഗേഷന്‍ ഓഫ് റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് (സി.ആര്‍.ഐ.) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തി.
തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ സന്യാസിനിമാര്‍ക്ക് നേരെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍വച്ച് ട്രെയിന്‍ യാത്രയ്ക്കിടയിലാണ് മതം മാറ്റുവാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ആക്രമണമുണ്ടായത്. യുവസന്യാസിനിമാര്‍ക്കുണ്ടായ ദുരനുഭവം മതസ്വാതന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പിന്മേല്‍ തീവ്രവാദികളും അവര്‍ക്കൊപ്പം ചേര്‍ന്ന് ഭരണകൂടവും നടത്തിയ ആക്രമണമാണ്.
മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കുവാന്‍ ശ്രമിക്കുകയും വനിതാപോലീസിന്റെ അസാന്നിധ്യത്തില്‍പോലും സന്യാസിനികളെ ബലം പ്രയോഗിച്ച് ട്രെയിനില്‍ നിന്ന് പുറത്തിറക്കുകയും ചെയ്ത നടപടി ഒരു വിധത്തിലും ന്യായീകരിക്കാനാവുന്നതല്ല. ഹൈന്ദവതീവ്രവാദികളുടെ ആജ്ഞാനുവര്‍ത്തികളായി ഭരണകൂടവും പോലീസും മാറുന്നത് അപകടകരമാണ്. തീവ്രവാദികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായി ഉത്തരവാദിത്വപ്പെട്ട നിയമപാലനസംവിധാനങ്ങള്‍ മാറരുതെന്നും പ്രതിഷേധക്കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയിലെ സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ സി.ആര്‍.ഐ.കാഞ്ഞിരപ്പള്ളിയും അല്മായ സംഘടനകളായ ഡി.സി.എം.എസ്., അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് (എ.കെ.സി.സി.), എസ്എംവൈഎം-യുവദീപ്തി, മാതൃവേദി, മിഷന്‍ലീഗ്, കെ.സി.എസ്.എല്‍., വിന്‍സന്റ് ഡി.പോള്‍, ഫ്രാന്‍സീസ്‌കന്‍ അല്മായ സഭ തുടങ്ങിയ സംഘടനകളും സന്യാസിനിമാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു.