വഴിയരികില്‍ കാത്തുനിന്ന സന്യാസിനിമാരോടൊപ്പം സെല്‍ഫി എടുത്ത് രാഹുല്‍ ഗാന്ധി
പൊൻകുന്നം : രാഹുല്‍ ഗാന്ധിയെ കാണാന്‍ വഴിയരികില്‍ കാത്തുനിന്ന പൊന്‍കുന്നം ആരാധനാമഠത്തിലെ സന്യാസിനിമാര്‍ക്ക് ലഭിച്ചത് അപ്രതീക്ഷിത സമ്മാനം . എക്കാലവും ഓര്‍ത്തുവയ്ക്കാനൊരു സെല്‍ഫി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അവർ .
യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ പ്രചരണാര്‍ത്ഥം പൊന്‍കുന്നത്ത് രാഹുല്‍ ഗാന്ധി എത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പൊന്‍കുന്നം എസ്.എ.ഡി.എസ്. ആരാധനാ മഠത്തിലെ സന്യാനിസികള്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അടുത്തുകാണാന്‍ അനുമതി ലഭിക്കില്ലെന്നായിരുന്നു പലരും പറഞ്ഞ് അറിഞ്ഞത്. ഇതോടെ ദൂരെ നിന്നെങ്കിലും കാണാമെന്ന പ്രതീക്ഷയോടെയാണ് പൊന്‍കുന്നത്തു നിന്നും പാലയിലേക്കു പോകുന്ന നിരത്തുവക്കില്‍ ഇരുപതോളം വരുന്ന സന്യാസിനിമാര്‍ കാത്തുനിന്നത്. രണ്ടരയോടെ പൊന്‍കുന്നം രാജേന്ദ്ര മൈതാനത്തെ പൊതുയോഗം കഴിഞ്ഞ് ഇതുവഴി കടന്നുവന്ന രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം ആകാംക്ഷയോടെ നോക്കി നിന്ന സന്യാസിനിമാര്‍ക്കു സമീപം അപ്രതീക്ഷിതമായി നിന്നു. പിന്നാലെ പുഞ്ചിരിക്കുന്ന മുഖവുമായി രാഹുല്‍ ഗാന്ധി ഇറങ്ങി അവര്‍ക്കരുകിലേക്കെത്തി.
സന്യാസിനിമാരോടു വിശേഷങ്ങള്‍ തിരക്കി കൈപിടിച്ച് അഭിവാദനം ചെയ്തു. തന്നെ കണ്ട് ഓടിക്കൂട്ടിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വിഷമിക്കുന്ന എഴുപതു വയസുപിന്നിട്ട സിസ്റ്റര്‍ എന്‍ജിയസിനെയും സിസ്റ്റര്‍ ഇഴ്‌നേഷ്യസിനെയും കണ്ട അദ്ദേഹം സുരക്ഷാ ഭടന്മാരെ ഉള്‍പ്പെടെ മാറ്റി നിര്‍ത്തി ഇവരെ അരികില്‍ വിളിച്ചു നിര്‍ത്തി. രാഹുല്‍ ഗാന്ധിയോടൊപ്പം ഒരു സെല്‍ഫി എടുക്കാനുള്ള ആഗ്രഹം അറിയിച്ച സിസ്റ്റര്‍ സിസിയുടെ ഫോണ്‍ വാങ്ങിയ അദ്ദേഹം സന്യാസിനിമാര്‍ക്കൊപ്പം സെല്‍ഫി എടുത്തു. സന്യാസിനിമാരുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചശേഷമാണ് അദ്ദേഹം വീണ്ടും യാത്ര തുടങ്ങിയത് .