കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് പൊൻകുന്നത്ത്.. കെ.കെ.റോഡിൽ ഗതാഗതനിയന്ത്രണം
പൊൻകുന്നം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നതിനാൽ കെ.കെ.റോഡിൽ ബുധനാഴ്ച 9.30 മുതൽ പരിപാടി കഴിയുന്നതുവരെ ഗതാഗത നിയന്ത്രണമുണ്ടാവും.
• കെ.കെ.റോഡിൽ മുണ്ടക്കയം ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ ഈരാറ്റുപേട്ടയ്ക്ക് പോകാൻ കാഞ്ഞിരപ്പള്ളിയിലെത്തരുത്. പാറത്തോട് കവലയിൽനിന്ന് മലനാട് സൊസൈറ്റി റോഡിലൂടെ ചേറ്റുതോട്-പിണ്ണാക്കനാട് വഴി പോകണം.
• മുണ്ടക്കയം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറത്തോട്-ഇടക്കുന്നം റൂട്ടിലൂടെ കൂവപ്പള്ളി, വിഴിക്കിത്തോട് വഴി പൊൻകുന്നം കെ.വി.എം.എസ്.ജങ്ഷനിലെത്തി കെ.കെ.റോഡിൽ പ്രവേശിക്കണം.
• കോട്ടയത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇതേ റൂട്ട് ഉപയോഗിക്കണം. അമിത്ഷായുടെ പരിപാടി കഴിഞ്ഞ് അദ്ദേഹം മടങ്ങുന്നതുവരെ ഗതാഗതക്രമീകരണം തുടരും.
• പൊൻകുന്നം ശ്രേയസ് സ്‌കൂൾ മൈതാനത്താണ് പരിപാടി. രാവിലെ അമിത്ഷാ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് മൈതാനത്താണ് ഹെലികോപ്ടറിൽ വന്നിറങ്ങുക. അവിടെനിന്ന് കാർമാർഗം പൊൻകുന്നത്തെത്തും. ഈ സമയം ഗതാഗതനിയന്ത്രണം പ്രത്യേക കേന്ദ്ര സുരക്ഷാവിഭാഗത്തിനാകും. ഗതാഗത തടസ്സമുണ്ടാകുംവിധം പാർക്കിങ്, ഡ്രൈവിങ് തുടങ്ങിയവയുണ്ടായാൽ നടപടിയുണ്ടാവും.