യുഡിഎഫ് അധികാരത്തില്‍ എത്തിയാൽ ന്യായ് പദ്ധതിയിലൂടെ എല്ലാ പാവപ്പെട്ടവർക്കും മാസം 6,000 രൂപ വീതം നൽകുമെന്ന് രാഹുല്‍ ഗാന്ധി.

പൊൻകുന്നം : യുഡിഎഫ് അധികാരത്തില്‍ എത്തിയാൽ ഒഴിഞ്ഞ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള ഒരാള്‍ പോലും സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് രാഹുല്‍ ഗാന്ധി. ന്യായ് പദ്ധതി വഴി 6000 രൂപ എല്ലാ പാവപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് എത്തിക്കുക വഴി പാവങ്ങളുടെ കൈകളില്‍ പണം എത്തിച്ച് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പൊന്‍കുന്നത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനമില്ലാതെ കാറില്‍ ഇരിക്കുന്നു ചാവി തിരിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ കൂടുന്നതിന്റെ കാരണം പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും മനസിലായിട്ടില്ല. സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കണമെങ്കില്‍ പാവങ്ങളുടെ കൈകളില്‍ പണം എത്തണം. ജനങ്ങളുടെ കൈകളില്‍ പണം എത്തിയാല്‍ വിപണിയില്‍ സജീവമാകും. സാമ്പത്തിക നില മെച്ചപ്പെടും. തൊഴില്‍ ഉറപ്പ്, ഭക്ഷ്യസുരക്ഷ, കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളല്‍ എന്നീ നടപടികളിലൂടെ കോണ്‍ഗ്രസ് ഇതു തെളിയിച്ചിട്ടുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 250 രൂപ നല്‍കിയും ന്യായ് പദ്ധതി വഴി 6000 രൂപ അക്കൗണ്ടുകളില്‍ എത്തിച്ചും ഇതു സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളാണ് ഇതിനു കാരണമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇടതുപക്ഷും ബി.ജെ.പിയും ജനങ്ങളെ വിഘടിപ്പിക്കുകയാണ്. ജനങ്ങളില്‍ വിദ്ധ്വേഷം നിറയ്ക്കുകയാണ്. സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിവന്നിരിക്കുന്നു. കേരളം ഒരു സുരക്ഷിതമായ സ്ഥലമാണെന്ന വിശ്വാസം നഷ്ടപ്പെട്ടതിലൂടെ വിനോദ സഞ്ചാര മേഖലയെയും ബാധിക്കുന്നു. അതുവഴി ജനങ്ങളുടെ വരുമാന മാര്‍ഗത്തെയും ബാധിക്കുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും പോലെ ജനങ്ങളുടെ പണം കവരുകയല്ല ജനങ്ങളുടെ കൈകളില്‍ പണം എത്തിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ജനങ്ങളിലൂടെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുമെന്നും യു.ഡി.എഫിനെ അധികാരത്തിലേറ്റാന്‍ സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനെ വിജയിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. .
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി ജന. സെക്രട്ടറിമാരായ താരീഖ് അന്‍വര്‍, ഐവാന്‍ ഡിസൂസ, കെ.സി. വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. ആന്റോ ആന്റണി എംപി, മുന്‍ എംപി പി.സി. തോമസ്, ജോസ് തോമസ് പായിക്കാട്ട്, അഡ്വ. അഭിലാഷ് ചന്ദ്രന്‍, അഡ്വ. ഷെമീര്‍, ഷിന്‍സ് പീറ്റര്‍, ടി.കെ. സുരേഷ്‌കുമാര്‍, പ്രഫ. റോണി കെ. ബേബി, സുഷമ ശിവദാസ്, അബ്ദുള്‍കരിം മുസ്ലിയാര്‍, പി.എം. സലിം, റഫീക്ക് മണിമല, മുണ്ടക്കയം സോമന്‍, എം.വി.പ്രദീപ്കുമാര്‍, ബീന നൗഷാദ്, ടോമി ഡൊമനിക്, അഡ്വ. സുരേഷ് ടി. നായര്‍, പി.എന്‍. ദാമോദരന്‍ പിള്ള, കെ.കെ. ഹരി, ഫെമി മണിമല, കെ. ജയകുമാര്‍, അബാന്‍ ഷെമീര്‍, ആതിര എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിനി പാര്‍വ്വതീകൃഷ്ണ വരച്ച രാഹുല്‍ ഗാന്ധിയുടെ ഛായാചിത്രം അദ്ദേഹത്തിനു കൈമാറി. രാഹുല്‍ ഗാന്ധിയുടെ വരവറിഞ്ഞ് പൊന്‍കുന്നം കവല ജനസഹസ്രങ്ങളെക്കൊണ്ടു നിറഞ്ഞൊഴുകി. കെട്ടിടങ്ങളിലും പാതയോരങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലും ജനങ്ങള്‍ കാത്തുനിന്നു. കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് ബറ്റാലിയന്‍ പൊലീസും ഇന്‍ന്തോ ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിന്റെ അന്‍പതില്‍ പരം സേനാംഗങ്ങളും സുരക്ഷ ഒരുക്കി

error: Content is protected !!