പൂഞ്ഞാർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 27 ന് രാഹുൽ ഗാന്ധി എരുമേലിയിൽ .. മതമൈത്രിയുടെ മാതൃകയായ എരുമേലി അമ്പലത്തിലും, വാവരുപള്ളിയിലും സന്ദർശനം നടത്തും ..

എരുമേലി : പൂഞ്ഞാർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും, മതമൈത്രിയുടെ ലോകമാതൃകയായ എരുമേലിയിലെ അമ്പലത്തിലും, വാവരുപള്ളിയിലും സന്ദർശനം നടത്തുന്നതിനുമായി മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച ഉച്ചയോടെ എരുമേലിയിൽ എത്തും. എരുമേലിയിൽ നടത്തുന്ന റോഡ് ഷോയിൽ ആയിരങ്ങൾ പങ്കെടുക്കും.

ശബരിമല തീർത്ഥാടന കേന്ദ്രവും മത സൗഹാർദ്ദത്തിന് ലോകമെങ്ങും മാതൃകയുമായ എരുമേലിയിൽ ശനിയാഴ്ച ഉച്ചക്ക് എത്തുന്ന രാഹുൽ ഗാന്ധി ശ്രീ ധർമശാസ്താ ക്ഷേത്രങ്ങളും നൈനാർ മസ്ജിദും സന്ദർശിക്കും. പേട്ടക്കവലയിൽ പൊതുജനങ്ങളോട് സംസാരിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇടുക്കി ജില്ലയിൽ പര്യടനത്തിനായി പീരുമേട്ടിലെത്തും.

ശനിയാഴ്ച രാവിലെ 11.10 ന് പത്തനംതിട്ട ജില്ലയിലെ കോന്നി നിയമസഭാ മണ്ഡലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് തുടക്കമാവുക. കോന്നിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഉച്ചക്ക് ഒന്നിന് എരുമേലിയിൽ എത്തുമെന്ന് ആന്റോ ആന്റണി എം പി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കോന്നി, കുമ്പഴ, പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിലൂടെ റോഡ് ഷോയിൽ തുറന്ന വാഹനത്തിലാണ് രാഹുൽ ഗാന്ധി എരുമേലിയിൽ എത്തുക. എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിന് മുന്നിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിക്കും. തുടർന്ന് ക്ഷേത്രത്തിൽ കയറി ദർശനം നടത്തും.

പേട്ടക്കവലയിൽ എത്തുമ്പോൾ കൊച്ചമ്പലം, നൈനാർ മസ്ജിദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തുറന്ന വാഹനത്തിൽ നിന്ന് പേട്ടക്കവലയിൽ വെച്ച് ജനങ്ങളോട് സംസാരിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇടുക്കി ജില്ലയിലേക്ക് പര്യടനത്തിനായി പോകും. വിപുലമായ ഒരുക്കങ്ങളാണ് രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ എരുമേലിയിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി എ സലീം അറിയിച്ചു.

പൂഞ്ഞാർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനി രാഹുൽ ഗാന്ധിക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും. വൻ സുരക്ഷാ ക്രമീകരണങ്ങളാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ പോലിസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത തടസമുണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു. പേട്ടക്കവല ഒഴിവാക്കി കടന്നുപോകാവുന്ന റോഡുകൾ വഴിയാണ് ഗതാഗതം ക്രമീകരിക്കുക.

error: Content is protected !!