പാറത്തോട്ടിൽ പ്രചാരണത്തിനിടയിൽ സംഘർഷം; പി സി ജോർജ്ജ് പരാതി നല്കി
പാറത്തോട്ടിൽ ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജ് പ്രചാരണ പ്രസംഗം നടത്തുന്ന സമയത്ത് എതിർപാർട്ടിക്കാരുടെ മൈക്ക് അന്നൗൺസ്‌മെന്റ് വാഹനം ശബ്ദം കുറയ്ക്കാതെ ചുറ്റികറങ്ങിയതിന്റെ പേരിൽ ജനപക്ഷം പ്രവർത്തകരും, എൽഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
താൻ പ്രസംഗം പറയുമ്പോൾ, മൈക്ക് അന്നൗൺസ്‌മെന്റ് ശബ്ദം കുറയ്ക്കണമെന്ന് പിസി ജോർജ് ആവശ്യപ്പെട്ടെങ്കിലും, എൽഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനം അതിനു വില കൊടുക്കാതെ വീണ്ടും തിരികെ വന്നതോടെ പിസി ജോർജ് പ്രസംഗം നിർത്തിയ ശേഷം, പ്രചാരണ വാഹനത്തിൽ നിന്നും പുറത്തിറങ്ങി, എൽ.ഡി.എഫിന്റെ അനൗൺസ്‌മെന്റ് വാഹനം തടയുകയായിരുന്നു. തുടർന്ന് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും, ചെറിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തു.
തന്നെയും, പ്രവർത്തകരെയും അക്രമികൾ കൈയേറ്റം ചെയ്യുകയും, വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു എന്ന പേരിൽ
പി സി ജോർജ്ജ് ഇലക്ഷൻ ഓഫീസർക്കും റിട്ടേണിംങ്ങ് ഓഫീസർക്കും പോലീസിനും പരാതി നല്കി. തന്റെ രാഷ്ട്രീയ എതിരാളികൾ, ഗൂഢാലോചന നടത്തി, മനഃപൂർവം അക്രമം ഉണ്ടാക്കുകയായിരുന്നുവെന്ന് പി സി ജോർജ് ആരോപിച്ചു.