സ്വകാര്യബസ് വ്യവസായം കിതയ്ക്കുന്നു …ബസുകൾ വിറ്റാലും വാങ്ങാനാളില്ല
കാഞ്ഞിരപ്പള്ളി : മാസങ്ങൾ നീണ്ട ഇടവേളകൾക്ക് വിരാമമിട്ട് ഭൂരിഭാഗം സ്വകാര്യബസുകളും നിരത്തിലിറങ്ങിയെങ്കിലും നഷ്ടത്തിന്റെ കണക്കുകളുമായി വ്യവസായം കിതയ്ക്കുകയാണ്. നഷ്ടത്തിന് പുറമേ ഡീസൽ വിലയിലുണ്ടായ വർധനകൂടി താങ്ങാനാവില്ലെന്നാണ് ഇവർ പറയുന്നത്. ലോക്ഡൗണിന് ശേഷം വീണ്ടും നിരത്തിലിറങ്ങിയപ്പോൾ വർഷങ്ങളായി ഉണ്ടായിരുന്ന സ്ഥിരം യാത്രക്കാരിൽ 60 ശതമാനത്തോളം കുറവുണ്ടായതായി ബസ് ഉടമകളും ജീവനക്കാരും പറയുന്നു.
കെ.എസ്.ആർ.ടി.സി. ടേക്ക് ഓവർ സർവീസുകളും ഒപ്പത്തിനൊപ്പം നിരത്തിലിറങ്ങുന്നതോടെ ദീർഘദൂര ബസുകൾ ഭൂരിഭാഗവും സർവീസ് മുടക്കി. നിരവധി ബസുകളാണ് നിലവിൽ ജിഫോമിൽ കിടക്കുന്നത്. മാസങ്ങൾക്ക് ശേഷം സാധാരണനിലയിൽ സർവീസ് നടത്തിയെങ്കിലും ജീവനക്കാർക്ക് കൂലിപോലും കൊടുക്കാനില്ലാത്തസ്ഥിതിയാണ് ഉള്ളത്. വാഹനങ്ങളുടെ ലോണടക്കം മുടങ്ങിയതോടെ മറ്റ് വഴികളിലൂടെ പണം സംഘടിപ്പിച്ച് ബാധ്യത ഒഴിവാക്കുകയാണ് പലരും.
ഇന്ധനച്ചെലവും പണിക്കൂലിയും മാത്രം
ഓർഡിനറി പെർമിറ്റിലോടുന്ന ഒരു ബസിന് ശരാശരി 8000 രൂപയാണ് ആകെ കിട്ടുന്നത്. ചില ദിവസം അഞ്ഞൂറ് മുതൽ ആയിരം രൂപയുടെ വരെ കുറവുണ്ടാകും. ആറായിരം രൂപയോളം ഡീസൽചെലവ്. ജീവനക്കാർക്ക് 1500 രൂപയോളം നൽകണം. അറ്റകുറ്റപ്പണികൾക്കും തുക വേറെ വേണം. ടാക്‌സ് അടക്കമുള്ളവയ്ക്ക് ഇളവുകൾ ഉണ്ടെങ്കിലും ഒരു രൂപപോലും നീക്കിവയ്ക്കാൻ കഴിയുന്നില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സർവീസ് നടത്തുന്നത് വലിയ നഷ്ടം സഹിച്ചാണ്. ചില ദിവസങ്ങളിൽ ഡീസൽ നിറയ്ക്കാൻ പോലും പണം തികയില്ല. പമ്പുകളിൽനിന്നും പലരും കടത്തിനാണ് ഡീസൽ വാങ്ങുന്നത്.
വിൽക്കാനുണ്ട് പക്ഷേ, വാങ്ങാൻ ആളില്ല
റൂട്ടടക്കം ബസുകൾ വിൽക്കാനും കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ വിട്ടുനൽകാനും വരെ ഉടമകൾ തയ്യാറാണ്. പക്ഷേ, ഏറ്റെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. 30 മുതൽ 35 ലക്ഷം രൂപ മുടക്കിയാണ് പുതിയ ബസുകൾ നിരത്തിലിറക്കുന്നത്. ശരാശരി 30,000 രൂപ വരെയാണ് പ്രതിമാസ അടവ്. നിലവിലെ സാഹചര്യത്തിൽ ഒരു രൂപപോലും വരുമാനത്തിൽനിന്നു അടയ്ക്കാൻ കിട്ടാതെ സർവീസ് നടത്തുന്നവരുണ്ട്. ലോക്ഡൗണിന് ശേഷം ആദ്യം കുറച്ച് ബസുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ജനജീവിതം സാധാരണനിലയിലേക്ക് മാറിയപ്പോൾ എല്ലാ സർവീസുകളും പുനരാരംഭിച്ചു. ഇതോടെ ബസിന്റെ എണ്ണത്തിന് അനുസരിച്ച് യാത്രക്കാരെ കിട്ടാത്ത സ്ഥിതിയായി. രാത്രികാല സർവീസുകളും ഉൾനാടൻ സർവീസുകളും പലരും വെട്ടിച്ചുരുക്കി. എന്നിട്ടും പിടിച്ചുനിൽക്കാത്തസ്ഥിതിയാണ്. മുൻപ് ഉണ്ടായിരുന്നതിലും 100 മുതൽ 200 രൂപ വരെ കുറഞ്ഞ ശമ്പളത്തിലാണ് പല ബസ് ജീവനക്കാരും ജോലിചെയ്യുന്നത്. ആകെ ചെലവിന് പുറമേ അറ്റകുറ്റപ്പണികൾകൂടി നടത്തേണ്ടിവന്നാൽ എന്തുചെയ്യാൻ കഴിയുമെന്നാണ് ബസ് ഉടമകളുടെ ചോദ്യം.