ആറര പതിറ്റാണ്ടോളം മുണ്ടക്കയം ടാക്സി സ്റ്റാൻഡിലെ ഡ്രൈവറായിരുന്ന വടക്കൻ പ്രഭാകരൻ (വടക്കനച്ചൻ-80) ഓർമ്മയായി
മുണ്ടക്കയം : വാഹനസൗകര്യം അപ്രാപ്യമായിരുന്ന കാലത്ത് മുണ്ടക്കയം മേഖലയിലെ പല പ്രദേശങ്ങളിലും നാട്ടുകാരുടെ ഏക ആശ്വാസമായിരുന്ന മുണ്ടക്കയം ടാക്സി സ്റ്റാൻഡിലെ ആദ്യകാല ഡ്രൈവറായിരുന്ന വടക്കൻ പ്രഭാകരൻ (വടക്കനച്ചൻ-80) ഓർമയായി . ആറര പതിറ്റാണ്ടോളം മുണ്ടക്കയത്തിന്റെ സാരഥിയായിരുന്ന പ്രഭാകരൻ ഹൃദ്രോഗത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.
വിവാഹം, പ്രസവം, മരണം, ഉത്സവം, പെരുന്നാൾ, പാർട്ടി പരിപാടികൾ, ആശുപത്രി എന്നിങ്ങനെ മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലുമുള്ള ഉൾനാടൻ ഗ്രാമങ്ങളിലെ ആളുകളുടെ ഏത് ആവശ്യത്തിനും വടക്കനച്ഛന്റെ ജീപ്പായിരുന്നു ഏക ആശ്രയം. കൊമ്പുകുത്തി, വാകമല, മതമ്പ, വള്ളിയാങ്കാവ്, പാലൂർക്കാവ്, തെക്കേമല എന്നീ ഗ്രാമീണ റോഡുകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെ കടുംനീല ജീപ്പ്.
വാഹനസൗകര്യം അപ്രാപ്യമായിരുന്ന ഇവിടത്തെ സ്കൂൾകുട്ടികൾക്ക് കൺസഷൻ നൽകി സ്കൂളിലെത്തിച്ചിരുന്നതും വടക്കനച്ഛനായിരുന്നു. തിങ്ങിനിറഞ്ഞ യാത്രക്കാരുമായി ദുർഘടമായ മലമ്പാതകളിലൂടെ ആർക്കും അപകടം ഉണ്ടാക്കാത്ത തരത്തിൽ വളയം പിടിക്കുക എന്നത് വടക്കനച്ഛന്റെ മനക്കരുത്ത് ഒന്നുകൊണ്ട് മാത്രമായിരുന്നുവെന്ന് പഴയകാല യാത്രക്കാർ ഓർമിക്കുന്നു. വലിയ ശിഷ്യസമ്പത്തിനുടമകൂടിയായ പ്രഭാകരൻ ഒരാഴ്ച മുൻപുവരെ എൺപതിന്റെ അവശതകളിലും ഇടുങ്ങിയ വഴിയിലൂടെ കൃത്യതയോടെ വളയം പിടിച്ച് തന്റെ പിജോട്ട് ജീപ്പിൽ യാത്രക്കാരെ യഥാസ്ഥാനങ്ങളിൽ എത്തിച്ചിരുന്നു.
ഹൃദ്രോഗബാധയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വാകമലയിലെ കൊച്ചുതറയിൽ വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശവസംസ്കാരം നടത്തി.