കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻ‌ഡിൽ കംഫർട്ട് സ്റ്റേഷൻ പ്രശ്നം പരിഹരിക്കുവാൻ തീരുമാനമായില്ല

കാഞ്ഞിരപ്പള്ളി ∙ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. 90 ലക്ഷം രൂപ മുടക്കി ബസ് സ്റ്റാൻഡ് നവീകരിച്ചിട്ടും സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. 2010ൽ 25 വർഷത്തേക്ക് ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനാണ് നിലവിൽ പ്രവർത്തിക്കാതെ കിടക്കുന്നത്. പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്പിറ്റും ഇല്ലാത്തതാണ് കംഫർട്ട് സ്റ്റേഷന്റെ ന്യൂനത.

മഴക്കാലത്ത് മണ്ണിനടിയിൽ ഉറവകളും ഉണ്ടാകുന്നതോടെ സോക്പിറ്റ് നിറഞ്ഞ് മലിനജലം സ്റ്റാൻഡിലൂടെ ഒഴുകാൻ സാധ്യതയുള്ളതിനാൽ നിലവിൽ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കരാറുകാർ പറയുന്നു. കംഫർട്ട് സ്റ്റേഷൻ നിർമിച്ചപ്പോൾ രണ്ട് സെപ്റ്റിക് ടാങ്കുകളും സോക്പിറ്റുകളും ഉണ്ടായിരുന്നു. എന്നാൽ സ്റ്റാൻഡിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്കിടെ ഇവയിലെ‍ ഒരു സെപ്റ്റിക് ടാങ്കും, സോക് പിറ്റും ഡ്രെയിനേജും ഇല്ലാതായതായി കരാറുകാർ പറയുന്നു.

കംഫർട്ട് സ്റ്റേഷന്റെ പരിസരത്ത് ഉറവകളുള്ളതിനാൽ പുതിയതായി ഒരു സെപ്റ്റിക് ടാങ്ക് നിർമിക്കാൻ സൗകര്യമില്ലെന്നും അതിനാൽ പഞ്ചായത്ത് മറ്റൊരു സ്ഥലം കണ്ടെത്തി നൽകണമെന്നും കരാറുകാർ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബസ് സ്റ്റാൻഡിന് മുൻവശത്ത് ചിറ്റാർ പുഴയോരത്ത് പഞ്ചായത്ത് വക സ്ഥലത്ത് സെപ്റ്റിക് ടാങ്ക് നിർമിക്കാൻ അനുമതി ആവശ്യപ്പെട്ട് പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്.

വിഷയം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചർച്ച ചെയ്തെങ്കിലും ഭിന്നാഭിപ്രായമാണുണ്ടായത്. അതിനാൽ തീരുമാനം പഞ്ചായത്ത് കമ്മിറ്റിക്കു വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇവിടെ സെപ്റ്റിക് ടാങ്ക് നിർമിച്ചാൽ മലിനജലം ചിറ്റാർ‍ പുഴയിലേക്കെത്തുമെന്ന് ആരോപണവും, കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള പൈപ്പുകൾ ഇവിടെ വരെ സ്ഥാപിക്കണമെങ്കിൽ നവീകരിച്ച ബസ് സ്റ്റാൻഡിലെ കോൺക്രീറ്റിങ് കുത്തിപ്പൊളിക്കേണ്ടിവരുമെന്നതുമാണ് പ്രധാന പ്രശ്നങ്ങൾ. ഇതിനാൽ പൊതുജനത്തിന് ദോഷകരമാകുന്ന തീരുമാനങ്ങൾ ഭരണ സമിതി കൈക്കൊള്ളില്ലെന്നും വൈസ് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ പറഞ്ഞു.

error: Content is protected !!