മുക്കൂട്ടുതറയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും പഴകിയ മത്സ്യം പിടികൂടി; കട അടപ്പിച്ചു
എരുമേലി : മുക്കൂട്ടുതറ – പമ്പാവാലി റോഡിൽ ടൗണിൽ പ്രവർത്തിക്കുന്ന മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും പഴകിയ പുഴു അരിച്ച നിലയിൽ മത്സ്യം പിടികൂടി. ഏകദേശം 100 കിലോയോളം മത്സ്യമാണ് പഴകിയ നിലയിൽ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി സ്വദേശിയായ തൈപ്പറമ്പിൽ ഫസിലി എന്ന ആളുടെ ഉടമസ്ഥതയിലാണ് മത്‌സ്യ വ്യാപാരസ്ഥാപനം പ്രവർത്തിച്ചിരുന്നത്.
ഇന്ന് രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് പുഴുവരിച്ച നിലയിൽ ഉള്ള 6 പെട്ടി മത്സ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് നാട്ടുകാർ ബഹളം ഉണ്ടാക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, പോലീസും, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും സംഭവസ്ഥലത്ത് എത്തുകയും നാട്ടുകാരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
ഇതേതുടർന്ന് ഇന്ന് പഴക്ക പുഴുവരിച്ച നിലയിൽ കണ്ടെത്തിയ ആറു പെട്ടി മത്സ്യവും ബ്ലീച്ചിംഗ് പൗഡർ ഇട്ട് നശിപ്പിച്ചു. പഞ്ചായത്തിൻറെ അനുമതിയില്ലാതെ ആയിരുന്നു ഈ സ്ഥാപനം ഇവിടെ പ്രവർത്തിച്ചിരുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ രാജീവ് കെ .എൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലിജിൻ എസ്സ്, സുനീർ കെ.കെ,പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി തോമസുകുട്ടി,സബ് ഇൻസ്പെക്ടർ ഷാനവാസ്,സി പി ഓ അബ്ദുൾ അസീസ് എന്നിവരുടെ നേതൃത്വത്തിലാണ് പഴകിയ മത്സ്യം പിടികൂടിയത്.