റമദാൻ പുണ്യം ; കളഞ്ഞുകിട്ടിയ പണം തിരികെ നൽകി തമ്പികുട്ടി ഹാജി മാതൃകയായി

കാഞ്ഞിരപ്പള്ളി : പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാൻ മാസത്തിൽ പുണ്യം ചെയ്ത് പാറത്തോട് പുത്തൻവീട്ടിൽ തമ്പികുട്ടി ഹാജി മാതൃകയായി. വഴിയിൽ കളഞ്ഞ് കിടന്ന പണവും , രേഖകളും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകിയ അദ്ദേഹത്തിന് അഭിനന്ദനപ്രവാഹം.

പുലർകാലേ നടക്കാൻ പോയപ്പോൾ പാറത്തോട് പിണ്ണാക്കനാട് റോഡിൽ പേഴ്സ് കിടക്കുന്നത് കണ്ട് തമ്പികുട്ടി അണ്ണൻ എടുത്ത് കൈവശം സൂക്ഷിക്കുകയും പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ആയിരുന്നു.
പെരുവന്താനം കണയങ്കവയൽ കൈതക്കൽ അമൽ കുര്യാക്കോസിന്റെ പേഴ്സായിരുന്നു നഷ്ടപ്പെട്ടത് .ഇയാൾ പിണ്ണാക്കനാട് റോഡ് വഴി ജീപ്പിൽ സഞ്ചരിക്കവെ പോക്കറ്റിൽ നിന്നും പേഴ്സ് നഷ്ടപ്പെടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ കെ എ നജീബിന്റെ സാന്നിധ്യത്തിൽ പേഴ്സും, രേഖകളും, പണവും കൈമാറുകയായിരുന്നു.

ഏതാനും നാളുകൾക്കു മുമ്പ് ചേനപ്പാടിയിൽ നിന്നും പണവും എ.ടി.എം കാർഡും , രേഖകളും തമ്പികുട്ടി ഹാജിക്ക് കളഞ്ഞു കിട്ടിയിരുന്നു. അന്നും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഉടമയ്ക്ക് കൈമാറുകയായിരുന്നു. പാറത്തോട് വികസന സമിതിയുടെ ചെയർമാനും , ജമാഅത്ത് കൗൺസിൽ ദക്ഷിണ മേഖലാ ചെയർമാനും ,പാറത്തോട് പുത്തൻവീട്ടിൽ കുടുംബ യോഗത്തിന്റെ പ്രസിഡന്റുമായ തമ്പികുട്ടി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നിരവധി ജീവകാരുണ്യ പ്രവർത്തികൾ ചെയ്ത് മാതൃകയായ മഹത് വ്യക്തിത്വമാണ്.

error: Content is protected !!