കമിഴ്ന്നു കിടന്നും 6 മിനിറ്റ് നടന്നും! ഓക്സിജൻ സാച്ചുറേഷൻ 94ലും താഴ്ന്നാല്‍ ശ്രദ്ധിക്കണം

ഓക്സിജൻ ചികിത്സയിലുള്ള രോഗികൾ നേരെ കിടക്കുന്നതിനു പകരം കമിഴ്ന്നു കിടക്കുന്നത് ശ്വസനത്തിനു സഹായിക്കുകയും ഓക്സിജന്റെ അളവു കൂട്ടുകയും ചെയ്യുമെന്നതു പോലെയുള്ള പുതു നിരീക്ഷണങ്ങൾ കോവിഡ് ചികിത്സയിൽ സഹായിക്കും. എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കണം. ഓക്സിജൻ സാച്ചുറേഷൻ 94നും താഴേക്കായാൽ ശ്രദ്ധിക്കണം. ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക. അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക

കോവിഡിനു മുന്നിൽ രോഗികൾ മാത്രമല്ല, ഇപ്പോൾ ഡോക്ടർമാരും നിസ്സഹായരാകുന്നു. അതു വൈറസിനെക്കുറിച്ചുള്ള ഭീതി മൂലമല്ല, ഓക്സിജൻ ഉൾപ്പെടെ കോവിഡ് ചികിത്സയ്ക്കു വേണ്ട പ്രാഥമിക കാര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ശരിയാണ്, കോവിഡിനു ഫലപ്രദമെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ചികിത്സ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നതു തന്നെയാണ് വസ്തുത. എന്നാൽ, ഒരു വർഷത്തിലേറെയായി ഡോക്ടർമാർ മനസ്സിലാക്കിയെടുത്ത ചില ചികിത്സാ പാഠങ്ങളുണ്ട്. വാക്സീനും മറ്റു പ്രതിരോധവഴികളും കഴിഞ്ഞാൽ, അത്തരം ചികിത്സാവഴികളെ വിശ്വസിക്കുക, മുൻകരുതലുകൾ തുടരുക എന്നിവയാണു കോവിഡിനെതിരെ ചെയ്യാവുന്നത്.

ഓക്സിജൻ എന്ന ഉത്തരം

കോവിഡിന്റെ തുടക്കത്തിൽ നാം വിശ്വസിക്കുകയും ഏറെക്കുറെ അനുഭവിക്കുകയും ചെയ്തതു പോലെയല്ല ഇപ്പോൾ കാര്യങ്ങൾ. ആദ്യം നാം കരുതി വെന്റിലേറ്ററുകളാണ് കോവിഡ് ചികിത്സയിൽ പരമപ്രധാനമായി വേണ്ടതെന്ന്. അതിനായി ഇറക്കുമതിയും പ്രാദേശിക ഉൽപാദനശേഷിയും വർധിപ്പിച്ചപ്പോൾ കോവിഡ് ചികിത്സയിലെ മറ്റു ഘടകങ്ങളിലേക്കുള്ള ശ്രദ്ധ കുറഞ്ഞു. തുടർച്ചയായ വെന്റിലേറ്റർ ഉപയോഗം ശ്വാസകോശത്തെ തളർത്തുമെന്ന തിരിച്ചറിവിൽ അടിയന്തര സാഹചര്യത്തിൽ മാത്രം അതിലേക്കും അതുവരെ ഓക്സിജൻ എന്ന തിരിച്ചറിവിലേക്കും നാം വന്നു. എന്നാൽ, കോവിഡിന്റെ ഈ രണ്ടാം തരംഗത്തിൽ, ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലെന്ന പരിമിതിയിൽ കിടന്നു ശ്വാസംമുട്ടുകയാണ് മിക്കവാറും സംസ്ഥാനങ്ങൾ. ഒരാൾക്കു സാധാരണ വേണ്ടതിന്റെ എത്രയോ മടങ്ങ് ഓക്സിജനാണ് ഇപ്പോൾ ഓരോ ആൾക്കും നൽകേണ്ടിവരുന്നത്. ഓക്സിജൻ എന്ന പരിഹാരം തൽക്കാലം ഡോക്ടർമാർക്കു സ്വന്തമായി കണ്ടെത്താൻ കഴിയില്ല. ചികിത്സാസംവിധാനങ്ങളെ ശാക്തീകരിക്കാൻ സർക്കാരിനു മാത്രമേ കഴിയൂ.

നിസ്സാരമെന്നു തോന്നുമെങ്കിലും കോവിഡ് രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിലെ രീതിക്കു പോലും പ്രാധാന്യമുണ്ടെന്ന പാഠം, ഈ ഓക്സിജൻ ക്ഷാമത്തോടും കോവിഡ് ചികിത്സയിൽ പുതുതായി ഉരുത്തിരിയുന്ന ഗവേഷണങ്ങളോടും ചേർത്തുവായിക്കേണ്ടതാണ്. ഓക്സിജൻ ചികിത്സയിലുള്ള രോഗികൾ നേരെ കിടക്കുന്നതിനു പകരം കമിഴ്ന്നു കിടക്കുന്നത് ശ്വസനത്തിനു സഹായിക്കുകയും ഓക്സിജന്റെ അളവു കൂട്ടുകയും ചെയ്യുമെന്നതു പോലെയുള്ള പുതു നിരീക്ഷണങ്ങൾ കോവിഡ് ചികിത്സയിൽ സഹായിക്കും. ഓക്സിജൻ സഹായി തുടരുന്നതിനൊപ്പമാണ് ഇത്തരം ചില മാർഗങ്ങൾ കൂടി ഡോക്ടർമാർ തേടുന്നത്.

മരുന്നെന്ന മാജിക്

കോവിഡിനെതിരെ ഒരു മരുന്നിനും ഇതുവരെ വലിയ ഇന്ദ്രജാലം കാട്ടാനായിട്ടില്ലെന്ന സത്യം അംഗീകരിച്ചുകൊണ്ടു പറയട്ടെ, നേരത്തേ ഉപയോഗിച്ചിരുന്ന പല ആന്റിവൈറൽ മരുന്നുകളും ജീവൻരക്ഷാ മരുന്നുകളും ആന്റി ഇൻഫ്ലമേറ്ററി മരുന്നുകളും കോവിഡ് ചികിത്സയിൽ വലിയതോതിൽ സഹായിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ നടത്തിയ പരീക്ഷണങ്ങളിൽ പാസ് മാർക്ക് ലഭിച്ചില്ലെങ്കിലും, റെംഡിസിവിർ, ഐവർമെക്ടിൻ, ഹൈഡ്രോക്സി ക്ലോറോക്വിൻ തുടങ്ങിയ മരുന്നുകൾ രോഗികളെ രക്ഷിച്ചെടുക്കാൻ സഹായിക്കുന്നുണ്ട്.

ഉദാഹരണത്തിന്, തുടക്കത്തിൽ ഉപയോഗിക്കുകയും പിന്നീട് ഒഴിവാക്കണമെന്നു സർക്കാർ തന്നെ പറയുകയും ചെയ്ത ഹൈഡ്രോക്സി ക്ലോറോക്വിനും ഐവർമെക്ടിനും. ഇതു രണ്ടും കേരളത്തിൽ ഉൾപ്പെടെ ഡോക്ടർമാർ ഉപയോഗിക്കുകയും രോഗികളിൽ ഗുണം ചെയ്യുന്നുണ്ടെന്നു വിശ്വസിക്കുകയും ചെയ്തു. സമാനമാണ് റെംഡിസിവിറിന്റെയും കാര്യം. ട്രയലുകളൊന്നും പ്രതീക്ഷയുണർത്തുന്ന ഫലം നൽകിയില്ല. പക്ഷേ, ഇപ്പോഴും ഏറ്റവും കൂടുതൽ ആവശ്യമുയരുന്ന മരുന്നായി ഇതു തുടരുന്നു.

ഇക്കാര്യത്തിൽ വിദഗ്ധരായ ഡോക്ടർമാരെ കൂടി പങ്കെടുപ്പിച്ച് വ്യക്തമായ ഒരു ട്രയൽ പ്രോട്ടോക്കോൾ തയാറാക്കാനും കഴിഞ്ഞ ഒന്നരവർഷത്തെ ചികിത്സാപാഠങ്ങൾ ഉപയോഗപ്പെടുത്താനും കേന്ദ്രസർക്കാർ ശ്രമിക്കണം.

ഭയമല്ല, വേണ്ടത് തിരിച്ചറിവ്

കോവിഡിന്റെ തുടക്കത്തിൽ ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ വിരലിലെണ്ണാവുന്നവർക്കു മാത്രമായിരുന്നു കോവിഡ്. ഇതു വലിയ വാർത്തയുമായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ 70 പേർക്കും ഒരു സ്ഥാപനത്തിലെ 40 പേർക്കും കോവിഡ് ബാധിച്ചു എന്നൊക്കെയുള്ള വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്.

നേരിയതെങ്കിലും, വൈറസിനു സംഭവിച്ച മാറ്റം വ്യാപനശേഷി വർധിപ്പിച്ചു. ഈ ഘട്ടത്തിലും ഓർക്കേണ്ടതു പഴയ കാര്യം തന്നെ – മുൻകരുതൽ. വാക്സീൻ എടുക്കേണ്ട സമയത്ത് എടുക്കണം. മുൻകരുതലുകൾ എപ്പോഴും പിന്തുടരണം.

നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർ ആശുപത്രികളിലേക്കു പോകുന്നത് ഒഴിവാക്കണം. പകരം വീട്ടിൽ ചെയ്യാവുന്ന ചെറു പരിഹാരങ്ങൾ മതി. എല്ലാ വീട്ടിലും ഒരു പൾസ് ഓക്സിമീറ്റർ ഉറപ്പാക്കണം. ഇക്കാര്യത്തിൽ സർക്കാരിനോ സന്നദ്ധ സംഘടനകൾക്കോ മുൻകയ്യെടുക്കാം. പൾസ് ഓക്സിമീറ്ററിൽ ഓക്സിജൻ സാച്ചുറേഷൻ 94നു താഴേക്കായാൽ ശ്രദ്ധിക്കണം. ഓക്സിമീറ്ററിൽ ആദ്യ പരിശോധന കഴിഞ്ഞ് 6 മിനിറ്റ് പതിയെ നടന്ന ശേഷം വീണ്ടും പരിശോധിക്കുക. അപ്പോഴും സാച്ചുറേഷൻ താഴോട്ടുതന്നെയെങ്കിൽ ആശുപത്രിയിലേക്കു പോവുക. ഈ പാഠം മറക്കാതെ, പഴുതടച്ച പ്രതിരോധം ഉറപ്പാക്കിയാൽ കോവിഡിനെതിരെ വിജയം ഉറപ്പ്.

error: Content is protected !!