കാഞ്ഞിരപ്പള്ളിയിലെ രണ്ടുതലമുറകളെ താലോലിച്ച ഹെലനാമ്മ യാത്രയായി, മേരീക്വീൻസ് ആശുപത്രിയിലെ സി. ഹെലൻ നിര്യാതയായി
കാഞ്ഞിരപ്പളളി : ആറ് ദശകങ്ങൾ നീണ്ട നഴ്‌സിങ് ജീവിത്തിൽ 44 വർഷക്കാലം തുടർച്ചയായി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ച സി. ഹെലൻ (87) ഓർമ്മയായി . കൂടുതലും അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഹെലനാമ്മ, സമയം കിട്ടുമ്പോഴെല്ലാം കുഞ്ഞുങ്ങളുടെ വാർഡിൽ ഓടിയെത്തുമായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യങ്ങൾക്ക് ഏറെ ശ്രദ്ധ കൊടുത്തിരുന്ന ഹെലനാമ്മ കാഞ്ഞിരപ്പള്ളിയിലെ രണ്ടു തലമുറകളെയാണ് താലോലിച്ചത്. കുഞ്ഞുങ്ങൾ കരയുമ്പോൾ, ഒപ്പം വേദനിച്ചിരുന്ന ഹെലനമ്മയുടെ കൈയിൽ നിന്നും, പൊടികുഞ്ഞായിരിക്കുമ്പോൾ, സ്നേഹത്തിൽ പൊതിഞ്ഞ ഇൻജെക്ഷൻ കിട്ടാത്തവർ ചുരുക്കം. അതിനാൽ തന്നെ ഹെലനാമ്മ ഓർമായാകുമ്പോൾ അത് കാഞ്ഞിരപ്പള്ളി പ്രദേശത്തെ ഏറെപ്പേരെ നൊമ്പരപെടുത്തും..
ആറ് ദശകങ്ങൾ നീണ്ട നഴ്‌സിങ് ജീവിതം. അതിൽ 44 വർഷക്കാലം ഒരേയൊരു ആശുപത്രിയിൽ. ബുധനാഴ്ച (28.04.2021) നിര്യാതയായ കാഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ സി. ഹെലൻ കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട നേഴ്സ് അമ്മയാണ്. കൂടുതലും അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഹെലനാമ്മ ജോലിക്കാലത്തിനിടയിൽ ചികിത്സ തേടേണ്ടി വന്നത് കേവലമൊരു തവണ മാത്രം. എന്നാൽ സിസ്റ്ററുടെ സേവനം തേടിയതാകട്ടെ പതിനായിരക്കണക്കിന് ആളുകളും.
1934 ഒക്ടോബർ പത്തിന് ചേനപ്പാടി മുട്ടത്ത് വീട്ടിൽ തോമസ് അന്നമ്മ ദമ്പതികളുടെ 14 മക്കളിൽ മൂന്നാമതായി ജനിച്ച സി. ഹെലൻ പ്രാഥമിക വിദ്യാഭാസത്തിനു ശേഷം മഠത്തിൽ ചേരുവാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാരുടെ എതിർപ്പ് മൂലം കഴിഞ്ഞില്ല. മാസങ്ങൾ നീണ്ടു നിന്ന സമ്മർദ്ദത്തിന് ശേഷം 1951 ൽ വീട്ടുകാരുടെ സമ്മതത്തോടെ മഠത്തിൽ ചേർന്നു. 1954 ൽ ആദ്യ വ്രതം സ്വീകരിച്ച സിസ്റ്റർ ആതുര സേവനത്തോടുള്ള താൽപര്യം കൊണ്ട് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറി. തുടർന്ന് ഏതാനം നാളുകൾക്കു ശേഷം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി പ്രവർത്തനം തുടങ്ങുന്ന വേളയിൽ സഭാ അധികാരികളുടെ നിർദേശം അനുസരിച്ചു നഴ്സിംഗ് രംഗത്ത് ഉന്നതപഠനം നടത്തുന്നതിനായി പാറ്റ്‌നയിലെത്തി
.
1957 ൽ നിത്യവ്രത വാഗ്ദ്ധാനം നടത്തിയ സിസ്റ്റർ 1960 ൽ ഉന്നത പഠനം പൂർത്തിയാക്കി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ആദ്യ ക്വാളിഫൈഡ് നഴ്‌സായി നിയമിതയായി. തുടർന്നുള്ള ഇരുപത്തിയഞ്ചു വർഷക്കാലം മേരീക്വീൻസിൽ സേവനം ചെയ്തതിനു ശേഷം 1985 ൽ ജർമ്മിനിയിൽ എത്തി അവിടെ നേഴ്സ് ആയി സേവനം ചെയ്തു. 1998 ൽ തിരികെ നാട്ടിലെത്തിയ സിസ്റ്റർ 2017 വരെ മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സേവനം തുടർന്നു.
എല്ലാ ദിവസവും പുലർച്ചെ മൂന്നരക്ക് ആരംഭിക്കുന്ന ദിനചര്യയായിരുന്നു സിസ്റ്റർ ഹെലനാമ്മയുടെ. തന്റെ പ്രാർത്ഥനകൾ പോലെ പ്രാധാന്യത്തോടെ തന്നെ തന്റെ സേവന മേഖലയും മുന്നോട്ട് കൊണ്ട് പോകുന്നതിൽ
എന്നും മറ്റുള്ളവർക്ക് മാതൃകയും പ്രചോദനവുമായിരുന്നു സിസ്റ്റർ ഹെലൻ.
സിസ്റ്റർ ഹെലന്റെ ബൗതികശരീരം വ്യാഴം (29.04.2021) രാവിലെ ഏഴരക്ക് പൊടിമറ്റത്തുള്ള പ്രോവിൻഷ്യൽ ഹൗസിൽ കൊണ്ട് വരും. സംസ്ക്കാര ചടങ്ങുകൾ രാവിലെ ഒൻപതരയ്ക്ക് ആരംഭിക്കുന്നതും തുടർന്ന് കാഞ്ഞിരപ്പള്ളി കത്തീദ്രൽ ദൈവാലയത്തിൽ ന ടക്കുന്നതുമാണ്.