പുലിപ്പേടിയിൽ കൊമ്പുകുത്തി നിവാസികൾ, അജ്ഞാതജീവി വളർത്തുനായ്ക്കളെ കൊന്ന് തിന്നുന്നതായി പരാതി
കോരുത്തോട്: കൊമ്പുകുത്തിയിലും പരിസര പ്രദേശങ്ങളിലും വളർത്തു നായ്ക്കളെ അജ്ഞാതജീവി കടിച്ചു കൊല്ലുന്നതായി നാട്ടുകാർ. കൊമ്പുകുത്തി, ഈറ്റില്ലം കുഴി, മുളംകുന്ന് പ്രദേശങ്ങളിൽ ശബരിമല വനത്തിൽ നിന്നുമെത്തുന്ന പുലികളാണ് വീടുകളിൽ വളർത്തുന്ന നായ്ക്കളെ കടിച്ചു കൊല്ലുന്നതെന്ന സംശയത്തിലാണ് നാട്ടുകാർ.
പ്രദേശവാസികളായ സുനിതാ ഭവനിൽ പ്രദീപ്, കളത്തിൽ രാമൻ, സുരേഷ്, കുന്നും പുറത്ത് ശശി, കോച്ചേരിൽ ശശി എന്നിവരുടെ വളർത്തു നായ്ക്കളെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തനിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വന്യമൃഗങ്ങൾ നാട്ടുകാരേയും വളർത്തുമൃഗങ്ങളേയും ഉപദ്രവിക്കുന്നത് തടയാൻ അടിയന്തര നടപടി വേണമെന്ന് സി.പി.എം.കോരുത്തോട് ലോക്കൽ സെക്രട്ടറി പി.കെ.സുധീർ ആവശ്യപ്പെട്ടു.