ബി.എസ്.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് റോയി പാറയ്ക്കൽ ഓർമയായി
കാഞ്ഞിരപ്പള്ളി : ബി.എസ്.പി.യുടെ കേരളത്തിലെ ആദ്യ ജനപ്രതിനിധിയും, ബി.എസ്.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ആയ റോയി പാറയ്ക്കൽ ഓർമയായി. 2000-ൽ റോയി വാഴൂർ ഗ്രാമപ്പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബി.എസ്.പി.യുടെ കേരളത്തിലെ ആദ്യ ജയം.
കാൻഷിറാം, മായാവതി എന്നിവരുമായി നേരിട്ട് അടുപ്പമുള്ള വ്യക്തിയായിരുന്നു റോയി. ഹിന്ദി അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ദില്ലിയിലെ തിരഞ്ഞെടുപ്പുകളിൽ ബി.എസ്.പി.യുടെ വിജയത്തിനായി മലയാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്നു. വാഴൂർ പഞ്ചായത്തംഗവും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന റോയി കോട്ടയം ജില്ലയിലെ ജനകീയമുഖമായിരുന്നു. ബി.എസ്.പി. സംസ്ഥാന സെക്രട്ടറി, കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ ബി.എസ്.പി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു. ഭൂസമരമടക്കം നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.