പാല കൈവിട്ടെങ്കിലും കേരള കോണ്‍ഗ്രസ് പോരില്‍ നേട്ടം കൊയ്ത് ജോസ് പക്ഷം
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരം ഇടതു വലതു മുന്നണികള്‍ തമ്മില്‍ മാത്രമായിരുന്നില്ല. ഒന്നിച്ച് നിന്ന് പിന്നീട് രണ്ട് മുന്നിണികളിലേയ്ക്കുമായി തമ്മില്‍ പിരിഞ്ഞ് പരസ്പരം പോരടിച്ച കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍കൂടിയായിരുന്നു. തമ്മില്‍ പിരിയിലും മുന്നണി മാറലുമൊന്നും കേരള കോണ്‍ഗ്രസിന് പുത്തരിയല്ലെങ്കിലും ഇത്തവണ ജോസ്‌കെ മാണി, പി.ജെ. ജോസഫ് വിഭാഗങ്ങളായി പിരിഞ്ഞ് പരസ്പരം ബലപരീക്ഷണം നടത്തുമ്പോള്‍ അതിനൊരു സവിശേഷത ഉണ്ടായിരുന്നു. നാളിതുവരെ യു.ഡി.എഫില്‍ മാത്രം നിന്ന ജോസ് വിഭാഗം ഇടതുമുന്നണിയിലേയ്ക്ക് മറുകണ്ടം ചാടുകയും നേരത്തെ ഇടതുമുന്നണിയുടെ ഭാഗമായി നിന്ന ജോസഫ് വിഭാഗം യു.ഡി.എഫില്‍ തന്നെ തുടര്‍ന്നുമാണ് ഇക്കുറി പരസ്പരം പോരിനിറങ്ങിയത്.
ജയിച്ച് ശക്തികാട്ടുക എന്നത് ഇരുകൂട്ടര്‍ക്കും ഒരുപോലെ മധ്യതിരുവിതാംകൂറിന്റെ രാഷ്ട്രീയത്തിലും മുന്നണി രാഷ്ട്രീയത്തിലും നിലനില്‍പിന്റെ വിഷയമായിരുന്നു. സീറ്റ് വിഭജനത്തില്‍ ഏറ്റവും വലിയ നേട്ടം കൊയ്യാനായത് ജോസ് പക്ഷത്തിനാണ്. അമ്പത് വര്‍ഷമായി തറവാട്ട് സ്വത്തുപോലെ കൈവശം വച്ചുപോന്ന പാല, ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുത്തിയിട്ടും പുത്തന്‍കൂറ്റുകാര്‍ക്ക് സീറ്റ് വാരിക്കോരി കൊടുക്കുകയായിരുന്നു എല്‍.ഡി.എഫ്. സി.പി.ഐ.യുടെയും എന്‍.സി.പി.യുടെയും ഐ.എന്‍.എല്ലിന്റെയുമെല്ലാം എതിര്‍പ്പ് വകവയ്ക്കാതെ പന്ത്രണ്ട് സീറ്റാണ് ഇടതുമുന്നണി ജോസ് പക്ഷത്തിനായി നീക്കിവച്ചത്. ചരിത്രത്തില്‍ മറ്റൊരു ഘടകകക്ഷിയോടും കാട്ടാത്തത്ര ഉദാരമായ സമീപനം.
പാല, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, തൊടുപുഴ, ഇടുക്കി, ഇരിക്കൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, പിറവം, ചങ്ങനാശ്ശേരി എന്നിവയ്ക്ക് പുറമെ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കുറ്റ്യാടിയും. എന്നാല്‍, പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ പരസ്യമായ എതിര്‍പ്പിനെ തുടര്‍ന്ന് കുറ്റ്യാടി സി.പി.എമ്മിന് തിരിച്ചെടുക്കേണ്ടിവന്നു.
മറുഭാഗത്ത് പി.ജെ.ജോസഫും കൂട്ടരും യു.ഡി.എഫിനോട് പതിനഞ്ച് സീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. ഒടുവിൽ പത്ത് സീറ്റാണ് നേടിയെടുക്കാനായത്. തൃക്കരിപ്പൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തിരുവല്ല, കുട്ടനാട്, തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട എന്നിവ.
ചുരുക്കത്തില്‍ രണ്ട് കേരള കോണ്‍ഗ്രസകളും ചേന്ന് മൊത്തം ഇരുപത്തിരണ്ട് സീറ്റില്‍. നാലിടത്ത് കേരള കോണ്‍ഗ്രസുകള്‍ മുഖാമുഖം വന്നു. പഴയ സിറ്റിങ് സീറ്റുകളായ കടുത്തുരുത്തിയിലും തൊടുപുഴയിലും റാന്നിയിലും ചങ്ങനാശ്ശേരിയിലും. രണ്ട് സീറ്റ് വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പം പിടിച്ചെങ്കിലും സംസ്ഥാനം ചരിത്രത്തില്‍ ഇന്നേവരെ ദൃശ്യമാവാത്തൊരു ഇടതുതരംഗത്തിന് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പില്‍ അഗ്‌നിപരീക്ഷയെ അതിജീവിക്കാനായത് രണ്ടില ചിഹ്നം ലഭിച്ച ജോസ് കെ.മാണി പക്ഷത്തിനാണ്. പാര്‍ട്ടി ചെയര്‍മാന് സ്വന്തം തട്ടകത്തില്‍ അടിപതറിയെങ്കിലും ആകെ മത്സരിച്ച പന്ത്രണ്ട് സീറ്റില്‍ അഞ്ചു പേരെ വിജയിപ്പിച്ചെടുക്കാന്‍ ജോസ് പക്ഷത്തിന് കഴിഞ്ഞു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, റാന്നി, ഇടുക്കി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലാണ് അവര്‍ വിജയക്കൊടി പാറിച്ചത്. സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ എന്‍.ജയരാജ് 9742 വോട്ടിനും പി.സി.ജോര്‍ജിന്റെ തട്ടകമായ പൂഞ്ഞാര്‍ 16,200 വോട്ടിന് പിടിച്ചെടുത്തുകൊണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കലും റാന്നിയില്‍ പ്രമോദ് നാരായണനും റാന്നിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ 5563ന് വീഴ്ത്തി റോഷി അഗസ്റ്റിനും ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിളും.
പത്ത് സീറ്റല്‍ മത്സരിച്ച പി.ജെ.ജോസഫ് വിഭാഗത്തിന് യു.ഡി.എഫ് മുങ്ങിപ്പോയ ഇടതുതരംഗത്തില്‍ രണ്ടു പേരെ മാത്രമാണ് ജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്. തൊടുപുഴയില്‍ പി.ജെ.ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും. അങ്ങനെ നിയമസഭയില്‍ രണ്ട് മുന്നണികളിലമായി മൊത്തം ഏഴ് കേരള കോണ്‍ഗ്രസുകാര്‍.
ജോസഫ് വിഭാഗത്തിലെ എട്ടുപേര്‍ പോരാട്ടത്തില്‍ മണ്ണ് തൊട്ടു. തൃക്കരിപ്പൂരില്‍ എം.പി.ജോസഫ് സി.പി.എമ്മിന്റെ എം.രാജഗോപാലിനോട് 12152 വോട്ടിനും ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ് സി.പി.എമ്മിന്റെ വി.എന്‍.വാസവനോട് 11000 വോട്ടിനും തിരുവല്ലയില്‍ കുഞ്ഞുകോശി പോള്‍ ജെ.ഡി.എസിന്റെ മാത്യു ടി.തോമസിനോട് 11019 വോട്ടിനും കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം എന്‍.സി.പി.യുടെ തോമസ് കെ. തോമസിനോട് 5495 വോട്ടിനും കോതമംഗലത്ത് ഷിബു തെക്കുംപുറം സി.പി.എമ്മിന്റെ ആന്റണി ജോണിനോടും തുടര്‍ച്ചയായി മൂന്ന് തവണ പ്രതിനിധീകരിച്ച ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ സി.പി.എമ്മിന്റെ നവാഗത ആര്‍.ബിന്ദുവിനോടും തോല്‍ക്കുകയായിരുന്നു. ഉണ്ണിയാടന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
അഞ്ചു പേരെ ജയിപ്പിച്ചെടുക്കാനായെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. കെ.എം.മാണിയുടെ കുത്തകസീറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി ചരിത്രംകുറിക്കുന്ന അട്ടിമറി വിജയം സ്വന്തമാക്കിയ മാണി സി കാപ്പനോട് 11246 വോട്ടിനാണ് ഇക്കുറി ജോസ് കെ.മാണി തോറ്റത്. കെ.എം. മാണിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 2943 വോട്ടിന് മാത്രമായിരുന്നു കാപ്പന്റെ ജയം.
പാലയ്ക്ക് പുറമെ തൊടുപുഴയും കണ്ണൂരിലെ ഇരിക്കൂറും കോട്ടയത്തെ കടുത്തുരുത്തിയും തൃശൂരിലെ ചാലക്കുടിയും എറണാകുളത്തെ പെരുമ്പാവൂരും പിറവവുമാണ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത്. തൊടുപുഴയില്‍ കെ.ഐ. ആന്റണി പി.ജെ.ജോസഫിനോട് 9209 വോട്ടിനും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് മോന്‍സിനോട് 2450 വോട്ടിനുമാണ് തോറ്റത്. ഇരിക്കൂറില്‍ സജി കുറ്റിയാനിമറ്റം കോണ്‍ഗ്രസിന്റെ സജീവ് ജോസഫിനോട് 9962 വോട്ടിനും ചാലക്കുടിയില്‍ ഡെന്നിസ് കെ. ആന്റണി കോണ്‍ഗ്രസിന്റെ തന്ന സനീഷ്‌കുമാറിനോട് 941 വോട്ടിനും പെരുമ്പാവൂരില്‍ ബാബു ജോസഫ് എല്‍ദോസ് കുന്നപ്പിള്ളിയോട് 2961 വോട്ടിനും പിറവത്ത് സിന്ധുമോള്‍ ജേക്കബ് സിറ്റിങ് എം.എല്‍.എയും മുന്‍മന്ത്രിയുമായ അനൂപ് ജേക്കബിനോട് 25374 വോട്ടിനുമാണ് തോറ്റത്.