ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച തന്നെ രണ്ടാം സ്ഥാനത്ത് എത്തിച്ച പൂഞ്ഞാറിലെ ജനങ്ങൾക്കു നന്ദി പറയുന്നതായി പി.സി.ജോർജ്.
പൂഞ്ഞാർ: ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച തന്നെ രണ്ടാം സ്ഥാനത്ത് എത്തിച്ച പൂഞ്ഞാറിലെ ജനങ്ങൾക്കു നന്ദി പറയുന്നതായി പി.സി.ജോർജ്. ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു മുന്നണികളും ഒരു സമുദായത്തിലെ വലിയൊരു വിഭാഗവും തനിക്ക് എതിരായിരുന്നു. എന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയ കാര്യമല്ല.
അതേസമയം, ഇതു ഇടതുമുന്നണിയുടെ വിജയം എന്നതിനേക്കാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ജയമാണ് ഉണ്ടായതെന്ന് ജോർജ് വിലയിരുത്തി. കോവിഡ് മഹാമാരിയുടെ കാലത്തും രണ്ടു പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ അവരുടെ വിജയത്തിനു വലിയ തുണയായി മാറിയെന്നും ജോർജ് കൂട്ടിച്ചേർത്തു.
പൂഞ്ഞാറിൽ 16,493 വോട്ടുകൾക്കാണ് കേരള കോൺഗ്രസ്-എമ്മിലെ സെബാസ്റ്റ്യൻ കുളത്തിങ്കലാണ് വിജയിച്ചത്.