ഭവനരഹിതരില്ലാത്ത പൂഞ്ഞാർ ലക്ഷ്യം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
മുണ്ടക്കയം: ഭവന രഹിതരില്ലാത്ത പൂഞ്ഞാറാണ് തന്റെ ലക്ഷ്യമെന്ന് നിയുക്ത പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. മുണ്ടക്കയം പ്രസ്ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് തന്റെ പുതിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
സര്‍ക്കാരിന്റെ ഫണ്ടുകള്‍ ഉപയോഗിച്ചു പരമാവധി വീടുകള്‍ നല്‍കും, കഴിയാത്തത് സന്നദ്ധസംഘടനകളുമായി കൂടിയാലോചിച്ചു അതിനാവശ്യമായ സംവിധാനം ഒരുക്കും. പൂഞ്ഞാറിന്റെ സമഗ്രവികസനമാണ് തന്റെ ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന. മണ്ഡലത്തിലെ ആരോഗ്യ മേഖലയെ ഏകോപിപ്പിച്ചു ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും.
ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്സിനേഷനുളള നടപടികള്‍ സ്വീകരിക്കും. മുണ്ടക്കയം ശുദ്ധജല പദ്ധതി വിപുലീകരിച്ചു നടപ്പിലാക്കും. ഈരാറ്റുപേട്ട- വാഗമണ്‍ റോഡു നിര്‍മാണം അടിയന്തരമായി നടപ്പിലാക്കും. എരുമേലി സൗത്ത് വാട്ടര്‍സപ്ലൈ സ്കീം പൂര്‍ത്തീകരിക്കും. എരുമേലി ഫയര്‍ സ്റ്റേഷന്, മുണ്ടക്കയം സബ്ട്രഷറി നിര്‍മാണം തുടങ്ങി മുടങ്ങിക്കിടന്ന പദ്ധതികള്‍ ഉടന്‍ ആരംഭം കുറിക്കും.
പൂഞ്ഞാര്‍ താലൂക്ക്, മുക്കൂട്ടുതറ പഞ്ചായത്ത്, എരുമേലി വിമാനത്താവളം, സിയാല്‍ റബര്‍ കമ്പനി, ശബരി റെയില്‍പാത, മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും മിനിസിവില്‍ സ്റ്റേഷന് എന്നിവയ്ക്കും പ്രാധാന്യം നല്‍കും. മുണ്ടക്കയം, എരുമേലി സാമൂഹീകാരോഗ്യ കന്ദ്രങ്ങളുടെ പദവി ഉയര്‍ത്താനുളള നടപടി സ്വീകരിക്കും. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഐടി പാര്‍ക്കു സ്ഥാപിക്കലും തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പറഞ്ഞു.
പത്ര സമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കളായ അഡ്വ. സാജന്‍കുന്നത്ത്, അഡ്വ. പി. ഷാനവാസ്, കെ.ടി. പ്രമദ്, ടി.എസ്. റഷീദ്, അബ്ദുൾസലാം, ഡയസ് കോക്കാട്ട്, ചാര്‍ളി കോശി എന്നിവരും പങ്കെടുത്തു.