കോവിഡ്‌ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ലോട്ടറി നറുക്കെടുപ്പ്‌ മാറ്റിവെച്ചു; 12 ലോട്ടറികളുടെ നറുക്കെടുപ്പ്‌ റദ്ദാക്കി

കോട്ടയം: കോവിഡ്‌ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മേയ്‌ 10, 11, 12, 14 തീയതികളിൽ നടത്താനിരുന്ന നറുക്കെടുപ്പ്‌ മാറ്റിവെച്ചു. 12 ലോട്ടറികളുടെ നറുക്കെടുപ്പ്‌ റദ്ദാക്കി. ഈ മാസം ലോട്ടറി വിൽപ്പനയ്ക്ക്‌ സാധ്യതയില്ലെന്നാണ്‌ ഇപ്പോഴത്തെ സൂചന. 

വിൻ വിൻ(ഡബ്ള്യു-615), സ്ത്രീശക്തി(എസ്‌.എസ്‌.-260), അക്ഷയ(എ.കെ.-497), ഭാഗ്യമിത്ര(ബി.എം.-06) എന്നീ ലോട്ടറികളുടെ നറുക്കെടുപ്പാണ്‌ മാറ്റിവെച്ചത്‌. പുതിയ തീയതി പിന്നീട്‌ പ്രഖ്യാപിക്കുമെന്ന്‌ ഭാഗ്യക്കുറിവകുപ്പധികൃതർ അറിയിച്ചു. മേയ്‌ 13, 14, 17, 18, 19, 20, 21, 22, 24, 25, 26, 27 തീയതികളിലെ നറുക്കെടുപ്പാണ്‌ റദ്ദാക്കിയത്‌. കാരുണ്യ പ്ലസ്‌-കെ.എൻ. 368, നിർമൽ എൻ.ആർ.- 224, വിൻ വിൻ-ഡബ്ള്യു-616, സ്ത്രീശക്തി-എസ്‌.എസ്‌. 261, അക്ഷയ എ.കെ.-498, കാരുണ്യപ്ലസ്‌-കെ.എൻ.-369, നിർമൽ എൻ.ആർ.- 225, കാരുണ്യ കെ.ആർ.-500, വിൻ വിൻ-ഡബ്ള്യു-617, സ്ത്രീശക്തി എസ്‌.എസ്‌. 262, അക്ഷയ എ.കെ.-499, കാരുണ്യപ്ലസ്‌ കെ.എൻ-370 എന്നീ ലോട്ടറികളാണ്‌ റദ്ദാക്കിയത്‌. 

കോവിഡ്‌ വ്യാപനം തുടങ്ങിയ മേയ്‌ ഒന്നുമുതൽതന്നെ ലോട്ടറി അച്ചടി എണ്ണം കുറച്ചിരുന്നു. ഓരോ ലോട്ടറിയുടെയും എണ്ണം 12 ലക്ഷം വീതം കുറച്ചു. 

ലോട്ടറി മേഖലയിലെ തൊഴിലാളികൾക്ക് 5000 രൂപ അടിയന്തര ധനസഹായം ക്ഷേമനിധിബോർഡിൽനിന്ന്‌ നൽകണമെന്നും വിൽപ്പന പുനരാരംഭിക്കുമ്പോൾ 5000 രൂപയുടെ ടിക്കറ്റുകൾ നൽകണമെന്നും ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ്‌ സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ലോട്ടറി നിർത്തിവെച്ചതുമൂലം രണ്ടരലക്ഷം ലോട്ടറി വിൽപ്പന തൊഴിലാളികളാണ് പട്ടിണിയിലായത്. പ്രതിവർഷം 12,000 കോടി രൂപയോളം സർക്കാർ ഖജനാവിന് വരുമാനം നൽകുന്ന ലോട്ടറി തൊഴിലാളികളിൽ പലരും ഭിന്നശേഷിക്കാരും രോഗബാധിതരുമാണ്. 

കോവിഡ് ബാധിതരായ ലോട്ടറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് പ്രത്യേക ചികിത്സാസഹായം നൽകണമെന്നും ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കാൻ 25,000 രൂപയുടെ ടിക്കറ്റുകൾ പ്രതിമാസം വിൽക്കണമെന്നത്‌ 10,000 ആക്കി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌ ആവശ്യപ്പെട്ടു.

error: Content is protected !!