പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് തന്നെ നൽകണമെന്ന വ്യവസ്ഥയിൽ സർക്കാർ ഇളവ് നൽകി. മാലിന്യം മറ്റ് കമ്പനികൾക്ക് കൈമാറാൻ പഞ്ചായത്തുകൾക്ക് തീരുമാനമെടുക്കാം

തദ്ദേശസ്ഥാപനങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് തന്നെ നൽകണമെന്ന വ്യവസ്ഥയിൽ സർക്കാർ ഇളവ് നൽകി. മാലിന്യം മറ്റ് കമ്പനികൾക്ക് കൈമാറാൻ പഞ്ചായത്തുകൾക്ക് തീരുമാനമെടുക്കാം. 

എന്നാൽ ക്ലീൻ കേരള കമ്പനി നൽകുന്ന വിലയിൽ കൂടുതൽ ലഭിക്കണം. ക്ലീൻ കേരള കമ്പനി നൽകുന്ന വിലയ്ക്കും മറ്റുള്ളവർക്ക് കൊടുക്കാം. എന്നാൽ ക്ലീൻ കേരള കൃത്യസമയത്ത് ഏറ്റെടുക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ അപ്രകാരം ചെയ്യാവൂ. 

മുൻപ് ക്ലീൻ കേരള കമ്പനിക്ക് മാത്രം കൈമാറാനായിരുന്നു വ്യവസ്ഥ. എന്നാൽ സംസ്‌കരണത്തിൽ വരുന്ന കാലതാമസംമൂലം തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലും പൊതുഇടങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു. പ്ലാസ്റ്റിക് മാലിന്യനീക്കം നിലച്ചതോടെ ഹരിതകർമസേനാംഗങ്ങൾ വീടുകളിൽനിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നത് പലയിടത്തും നിർത്തിവെയ്ക്കുകയും ചെയ്തു. 

പൊടിച്ച പ്ലാസ്റ്റിക് നിശ്ചിത ശതമാനം തദ്ദേശവകുപ്പിന്റെ പരിധിയിലുള്ള റോഡ് ടാറിങ്ങിൽ അസംസ്‌കൃതവസ്തുവായി ഉപയോഗിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും അതും പ്രാവർത്തികമായിരുന്നില്ല. ഷ്രെഡിങ് യൂണിറ്റുകൾ പലതും സംസ്‌കരിച്ച മാലിന്യം നിറഞ്ഞതോടെ പ്രവർത്തനം നിർത്തുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യനീക്കം സുഗമമാകണമെങ്കിൽ സ്വകാര്യമേഖലയിലേക്കുകൂടി നൽകിയെങ്കിലേ സാധ്യമാവൂ എന്നതിനാലാണ് തദ്ദേശവകുപ്പിന്റെ പുതിയ തീരുമാനം. 

മാലിന്യസംഭരണത്തിന് ചുമതല വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്കാണ്. ഗ്രാമപ്പഞ്ചായത്തുകൾക്ക് ആവശ്യമായ എം.സി.എഫ്. സൗകര്യം ഉറപ്പുവരുത്തേണ്ടതും ഇതിനാവശ്യമായ പദ്ധതി തയ്യാറാക്കി നൽകേണ്ടതും വി.ഇ.ഒ.മാരാണ്. 

വീടുകളിൽനിന്ന് ശേഖരിക്കുന്നത് വൃത്തിയാക്കിയ അജൈവമാലിന്യമെന്ന് ഉറപ്പുവരുത്തണം. 

error: Content is protected !!