വാക്സിൻ വേണമെങ്കിൽ പുലർച്ചെ എത്തണം..മണിക്കൂറുകൾ കാത്തിരിക്കണം .. ആളുകൾ അനാവശ്യമായി തിരക്കുകൂട്ടുന്നതും വാക്‌സിനേഷനെ ബാധിക്കുന്നു
കാഞ്ഞിരപ്പള്ളി : വാക്‌സിൻ സ്വീകരിക്കണമെങ്കിൽ രാവിലെ ആറിനെങ്കിലും എത്തണം കേന്ദ്രങ്ങളിൽ. കാത്തുനിന്നാൽ എട്ടുമണിയാകുമ്പോൾ ടോക്കൺ ലഭിക്കും. വാക്‌സിൻ ലഭിക്കാൻ പിന്നെയും മണിക്കൂറുകൾ. മേഖലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇതാണ് കഴിഞ്ഞ രണ്ട് ദിവസമായി അവസ്ഥ. മതിയായ വാക്‌സിൻ ഇല്ലാത്തതിനാൽ നരകിക്കുന്നത് ജനങ്ങളും ആരോഗ്യപ്രവർത്തകരുമാണ്. ആളുകൾ അനാവശ്യമായി തിരക്കുകൂട്ടുന്നതും വാക്‌സിനേഷനെ ബാധിക്കുന്നുണ്ട്.
വാക്‌സിനേഷൻ തുടങ്ങിയ ഘട്ടത്തിൽ 28-ാം ദിവസം രണ്ടാം ഡോസ് സ്വീകരിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. പിന്നീട് ഇത് 42 ദിവസം മുതൽ 56 ദിവസത്തിനുള്ളിൽ മതിയന്ന് കേന്ദ്രം നിർദേശിച്ചു. എന്നാൽ ഇപ്പോഴും ആളുകൾ 28 ദിവസം കഴിയുമ്പോൾത്തന്നെ രണ്ടാം ഡോസിനുവേണ്ടി എത്തുന്നുണ്ട്. അതിനാൽ ആദ്യ ഡോസിനുവേണ്ടിയും 42 ദിവസം കഴിഞ്ഞ് രണ്ടാം ഡോസിനുവേണ്ടിയും എത്തുന്നവർക്ക് വാക്‌സിൻ നൽകാനാകാത്ത സ്ഥിതിയാണിപ്പോൾ. സ്‌പോട്ട് രജിസ്‌ട്രേഷനിൽ ആദ്യം എത്തുന്നവർക്ക് ആദ്യമെന്ന രീതിയാണ് സ്വീകരിക്കുന്നത്. 28 ദിവസം കഴിഞ്ഞവരും നേരത്തേയെത്തി വരിയിൽ ഇടംപിടിക്കുന്നു. എന്നാൽ 56 ദിവസം കഴിഞ്ഞവർക്ക് മാത്രമാണ് പല കേന്ദ്രങ്ങളിലും വാക്‌സിൻ വിതരണം.