കേന്ദ്രീകൃത മൂല്യനിർണയത്തിൽ ആശങ്കയുമായി അധ്യാപകർ ; വീട്ടിലിരുന്നുള്ള മൂല്യനിർണയം വേണമെന്ന്‌ ആവശ്യം

എസ്‌.എസ്‌.എൽ.സി./പ്ലസ്ടു /വി.എച്ച്‌.എസ്‌.ഇ. പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ കേന്ദ്രീകൃത മൂല്യനിർണയത്തിൽ അധ്യാപകർക്ക്‌ ആശങ്ക.

നൂറിൽപരം അധ്യാപകർ കൂട്ടത്തോടെ ക്യാമ്പുകളിൽ എത്തി മൂല്യനിർണയം നടത്തുന്നത് കോവിഡ്‌ വ്യാപനത്തിന് ഇടയാക്കുമെന്നാണ്‌ ആശങ്ക. വീട്ടിലിരുന്നുള്ള മൂല്യനിർണയം അനുവദിക്കണമെന്നാണ്‌ അധ്യാപകരുടെ ആവശ്യം. ഹയർ സെക്കൻഡറിക്ക്‌ എല്ലാ ജില്ലകളിലും ക്യാമ്പുകളുണ്ട്‌.

എന്നാൽ, എസ്.എസ്.എൽ.സി.ക്ക്‌ വിഷയാടിസ്ഥാനത്തിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പലപ്പോഴും ജില്ലവിട്ട് മറ്റൊരു ക്യാമ്പിൽ പോകേണ്ടിവരും. ഒരു ക്യാമ്പിൽ 150-ഓളം അധ്യാപകർ എത്തും.

വിഷയാടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മൂല്യനിർണയ ക്യാമ്പുകളിൽ എത്താൻ കോവിഡ്‌ സാഹചര്യത്തിൽ ബുദ്ധിമുട്ടാകുമെന്ന്‌ അധ്യാപകർ പറയുന്നു. മൂല്യനിർണയ ക്യാമ്പുകൾ വിഷയാടിസ്ഥാനത്തിലല്ലാതെ, വിദ്യാഭ്യാസ ഉപജില്ലാടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്നാണ്‌ അധ്യാപകരുടെ ആവശ്യം.

ഓരോ വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലും ഓരോ സ്കൂൾ ക്യാമ്പാക്കി മാറ്റിയാൽ അവിടെനിന്ന്‌ സമീപത്തുള്ള എല്ലാ ഹയർ സെക്കൻഡറി /ഹൈസ്കൂൾ അധ്യാപകർക്കും ഒരാഴ്ചത്തേക്കുള്ള ഉത്തരക്കടലാസുകൾ വിതരണം ചെയ്യാനാകും.

ഇവ മൂല്യനിർണയംനടത്തിക്കഴിഞ്ഞാൽ അടുത്ത സെറ്റ്‌ ഉത്തരക്കടലാസ്‌ നൽകാനാകുമെന്ന്‌ അധ്യാപകർ പറയുന്നു. മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്‌ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്ക് ഈ ആവശ്യമുന്നയിച്ച്‌ പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ നിവേദനം നൽകിയതായി രക്ഷാധികാരി സിബി ആന്റണി അറിയിച്ചു.

നിലവിൽ മൂല്യനിർണയം മാറ്റിവെച്ചിരിക്കുകയാണെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ അധികൃതർ അറിയിച്ചു. മൂല്യനിർണയം സംബന്ധിച്ച്‌ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

error: Content is protected !!