തീവ്രവ്യാപനത്തില്‍ ഈരാറ്റുപേട്ടയും സമീപ പ്രദേശങ്ങളും; വെല്ലുവിളിയായി ചികിത്സ! സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികില്‍സ സാധാരണക്കാര്‍ക്ക് ദുരിതമാകുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കോവിഡ് രൂക്ഷമാകുന്നു. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ചികില്‍സാ സൗകര്യം ഒരുക്കുന്നതില്‍ വെല്ലുവിളിയാകുന്നുണ്ട്.

ഇതിനിടെ അടഞ്ഞുകിടക്കുന്ന ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റല്‍ സര്‍ക്കാര്‍ എറ്റെടുക്കണമെന്നുള്ള നഗരസഭയുടെ ആവശ്യം 40 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാല്‍ സര്‍ക്കാര്‍ തളളി.

ശനിയാഴ്ച ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റിംസ് ആശുപത്രിയുടെ വെന്റിലേറ്ററടക്കമുള്ള ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുവാനുള്ള നീക്കം നിയുക്ത എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെയും നഗരസഭാ കൗണ്‍സിലര്‍മാരുടെയും നാട്ടുകാരുടെ എതിര്‍പ്പ് കാരണം ഉപേക്ഷിച്ചു.

ഈ ആശുപത്രിയില്‍ ഉടന്‍ തന്നെ സി.എഫ്.എല്‍.ടി.സി ആരംഭിക്കുമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ അറിയിച്ചു.

ഗുരുതരമായ കോവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള സൗകര്യം ഈ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കില്ല. പാലാ ജനറല്‍ ആശുപത്രിയില്‍ മാത്രമാണ് ഇതിനുള്ള സൗകര്യമുള്ളത്. പാലാ ജനറല്‍ ആശുപത്രിയില്‍ 105 കിടക്കകളാണുള്ളത്. ഇവിടെ കിടക്കകള്‍ ഒഴിവില്ലെന്നാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ പറയുന്നത്.

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ട് ഏക്കറോളം സ്ഥലമുണ്ട്. ഈ സര്‍ക്കാര്‍ ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന് 3 വര്‍ഷം മുമ്പ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ നാട്ടില്‍ കോവിഡ് വ്യാപനം രുക്ഷമായ സാഹചര്യത്തില്‍ നാടിന് ഉപകാരപ്പെടുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ കോവിഡ് വ്യാപനത്തില്‍ സകല ബിസിനസ് മേഖലയും നിശ്ചലമായപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലാബുകള്‍ക്കും ചാകര. ഓരോ സ്വകാര്യ ആശുപത്രിയും ലാബുകളും കൊവിഡ് രോഗികളെ പിഴിയുകയാണ്.

പരിശോധനയില്‍ കൊവിഡ് പോസിറ്റീവെന്ന് തെളിഞ്ഞാല്‍ ചില സ്വകാര്യ ആശുപത്രിയില്‍ അഡ്മിഷന് മുമ്പ് 25,000 രൂപ മുതല്‍ അടയ്ക്കണം. പിന്നെ ഓരോ ദിവസവും 10,000 രൂപ വേറേയും നല്‍കണം. ഐസിയുവിലോ വെന്റിലേറ്ററിലോ പ്രവേശിപ്പിച്ചാല്‍ ചാര്‍ജ് ഇനിയും ഉയരും.

ഒരേ പി.പി.ഇ കിറ്റാണ് പല ദിവസം ഡോക്ടര്‍മാരും നഴ്‌സും ഉപയോഗിക്കുന്നതെങ്കിലും ഓരോ ദിവസവും പ്രത്യേകം ബില്ലുണ്ട്. വിറ്റാമിന്‍ സി ഗുളികയും പനിക്കും ശ്വാസംമുട്ടലിനുമുള്ള മരുന്നുമാണ് കൊടുക്കുന്നതെങ്കിലും മരുന്നിന്റെ പേരിലും ബില്ല് വേറെ വരും.

ഇതിനിടെയാണ് നെഗറ്റീവാണോ എന്നറിയാന്‍ ഓരോ ദിവസത്തെ പരിശോധന. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചടത്തോളം സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികില്‍സാ ചെലവ് താങ്ങുവാന്‍ പറ്റുന്നതല്ലെന്നും പരാതി ഉയരുന്നു.

error: Content is protected !!